IndiaLatest

ജപ്പാനെയും മറികടന്ന് ഇന്ത്യ; വാഹന വില്‍പ്പനയില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത്

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജപ്പാനെ മറികടന്ന് വാഹന വില്‍പ്പനയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയതായി റിപ്പോര്‍ട്ട്. പ്രാരംഭ കണക്കുകള്‍ അനുസരിച്ച്‌ കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ വാഹന വില്‍പ്പന 42.50 ലക്ഷമാണ്. ഇതുവരെ ആഗോള വാഹന വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ജപ്പാന്റേത് ഇക്കാലയളവില്‍ 42 ലക്ഷമാണെന്ന് നിക്കി ഏഷ്യയുടെ കണക്ക് വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം ഇന്ത്യയില്‍ 41.30 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്‌ചേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. മാരുതി സുസുക്കിയുടെ ഡിസംബറിലെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ, വില്‍പ്പന 42.50 ലക്ഷമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വില്‍പ്പന കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും നിക്കി ഏഷ്യ പറയുന്നു. നാലാം പാദത്തിലെ വാണിജ്യ വാഹനങ്ങളുടെ കണക്കും വര്‍ഷാന്ത്യ കണക്കുകള്‍ ഇനിയും പുറത്തുവിടാനുള്ള ടാറ്റയുടേത് അടക്കമുള്ള മറ്റു ചില വാഹന നിര്‍മ്മാതാക്കളുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ, വില്‍പ്പന കണക്ക് ഉയരുമെന്നാണ് നിക്കി ഏഷ്യ പ്രതീക്ഷിക്കുന്നത്.
2018ല്‍ 44 ലക്ഷമായിരുന്നു ഇന്ത്യയുടെ വാഹന വില്‍പ്പന. 2019ല്‍ വായ്പാ പ്രതിസന്ധിയെ തുടര്‍ന്ന് വില്‍പ്പന 40 ലക്ഷത്തില്‍ താഴെ എത്തി. 2020ല്‍ കോവിഡ് വാഹനവില്‍പ്പനയെ ബാധിച്ചു. 30ലക്ഷത്തില്‍ താഴെ പോയി. 2021ല്‍ രാജ്യത്തെ വാഹന വിപണിവീണ്ടും തിരിച്ചുവരവിന്റെ പാതയിലാണെന്ന് സൂചന നല്‍കി 40 ലക്ഷം കടന്നു. നിലവില്‍ വാഹനവില്‍പ്പനയില്‍ ആഗോള തലത്തില്‍ ചൈനയാണ് മുന്നില്‍. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്.

Related Articles

Back to top button