KeralaLatestThiruvananthapuram

20 കാരിയുടെമരണം; ‍ ഓണ്‍ലൈന്‍ ഗെയിമിന്റെ സ്വാധീനം അന്വേഷിക്കും

“Manju”

 

തിരുവനന്തപുരം: പട്ടം പ്ലാമൂട് റോസ് നഗര്‍ പി.ടി.ആര്‍ 95എയിലെ ടിമ സാന്‍ട്ര സേവിയറിന്റെ (20) മരണത്തില്‍ ദുരൂഹത.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പൊലീസിനും വ്യക്തതയില്ല.ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.

മൂന്നുവര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിന് സാന്ദ്ര ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്ബ് മാര്‍ ഇവാനിയോസ് കോളേജില്‍ ചേര്‍ന്നെങ്കിലും അസുഖവും ചികിത്സയും കാരണം പഠിത്തം മുടങ്ങിയതോടെ വീട്ടില്‍ത്തന്നെയായിരുന്നു. എല്ലാ സമയവും മുറിയടച്ച്‌ ഇരിക്കുന്നതാണ് പതിവെന്ന് പൊലീസ് പറഞ്ഞു. കെ.എസ്..ബിയിലെ ഉദ്യോഗസ്ഥയാണ് മാതാവ് പ്രമീള റാണി. സംഭവ ദിവസം ആഹാരം കഴിക്കാന്‍ പ്രമീള ഏറെനേരം വിളിച്ചിട്ടും സാന്ദ്ര വാതില്‍ തുറന്നില്ല. സാധാരണ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തി വിളിക്കുമ്ബോള്‍ മാത്രമാണ് സാന്ദ്ര പുറത്തുവന്ന് ഭക്ഷണം കഴിക്കാറുള്ളത്. എന്നാല്‍ ആവര്‍ത്തിച്ച്‌ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നപ്പോഴാണ് വീട്ടുകാര്‍ തള്ളിത്തുറന്ന് അകത്തുകയറിയത്.

വായില്‍ സെല്ലോ ടേപ്പിന്റെ പ്ലാസ്റ്ററും മൂക്കില്‍ ഇരുമ്ബ് ക്ലിപ്പുമിട്ട നിലയിലാണ് സാന്ദ്രയെ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാര്‍ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും സാന്ദ്ര മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവത്തില്‍ സംശയം തോന്നി മ്യൂസിയം പൊലീസില്‍ വിവരമറിയിച്ചത്. ഉടന്‍ പൊലീസെത്തി വീട്ടുകാരുടെ മൊഴിയെടുത്തു. സെല്ലോ ടേപ്പ് രണ്ടുദിവസം മുമ്ബ് തന്നോട് മകള്‍ ചോദിച്ചിരുന്നതായി പിതാവ് സേവ്യര്‍ ദാസ് പൊലീസിന് മൊഴി നല്‍കി.

പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ ശ്വാസതടസത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് കണ്ടെത്തി. ശരീരത്തില്‍ ബലപ്രയോഗം നടത്തിയ പാടുകളൊന്നും കണ്ടെത്തിയില്ല. മൂക്കില്‍ ക്ലിപ്പിട്ടതിന്റെ മുറിവ് മാത്രമാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലിരിക്കുന്നതിനാല്‍ ആത്മഹത്യയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ അന്വേഷണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ നടത്താന്‍ സാധിക്കൂവെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ് സേവ്യര്‍ ദാസ് റിട്ട.കെ.എസ്..ബി ഉദ്യോഗസ്ഥനാണ്. സോനു സേവ്യറാണ് സഹോദരന്‍.

ഓണ്‍ലൈന്‍ ഗെയിമ ? സാന്ദ്രയുടെ മരണം ഓണ്‍ലൈന്‍ ഗെയിമിന്റെ ചതിക്കുഴിയാണോയെന്ന അന്വേഷണത്തില്‍ പൊലീസ്. മാനസികാസ്വസ്ഥ്യത്തിന് ചികിത്സയിലായിരുന്ന സാന്ദ്ര മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടുകയായിരുന്നു. സാന്ദ്രയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും കൂടുതലാണെന്ന കണ്ടെത്തലിലാണ് പൊലീസ്.

വായന ഇഷ്ടമായിരുന്ന സാന്ദ്രയുടെ മുറി നിറയെ പുസ്‌തകങ്ങളായിരുന്നു. ദുരൂഹ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗമുള്ളതിനാല്‍ ഗെയിമില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം മരണത്തിന് കാരണമായിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി പൊലീസ് ശേഖരിച്ച സാന്ദ്രയുടെ ഫോണ്‍ വിദഗ്ദ്ധ പരിശോധന നടത്താന്‍ ഫോറന്‍സിക് സംഘത്തിന് കൈമാറും. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് വിദഗ്ദ്ധമായ അന്വേഷണം ആരംഭിക്കുക. ഫോണില്‍ നിന്നുള്ള വിവര ശേഖരണത്തിനും രണ്ട് മൂന്ന് ദിവസം വേണ്ടിവരും. മ്യൂസിയം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

Related Articles

Back to top button