Uncategorized

സേനയുടെ ഭാഗമാകാന്‍ 4,300 കോടിയുടെ പ്രതിരോധ സാമഗ്രികള്‍

“Manju”

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിലൂടെ സേനയുടെ കരുത്തും ആധുനികവത്കരണവും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. കര-നാവിക സേനയ്‌ക്ക് ആവശ്യമായ അത്യാധുനിക സാമഗ്രികള്‍ വാങ്ങുന്നതിന് 4,300 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. ഇതൊടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും നിര്‍മ്മിച്ചതുമായ കൂടുതല്‍ പ്രതിരോധ സാമഗ്രികള്‍ സേനയുടെ ഭാഗമാകും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ മൂന്ന് ഇടപാടുകള്‍ക്കാണ് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. ഡിആര്‍ഡിഒ വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ പ്രതിരോധ സംവിധാനമായ വിഎസ്‌എച്ച്‌ഒആര്‍ഡി(ഐആര്‍ ഹോമിങ്) യും ഉടന്‍ സേനയുടെ ഭാഗമാകുമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ആന്റി ടാങ്ക് മിസൈലായ ഹെലിന(HELINA), ലൈറ്റ് ഹെലികോപ്റ്ററില്‍ സജ്ജികരിക്കാന്‍ ആവശ്യമായ വിക്ഷേപണ സംവിധാനങ്ങള്‍, നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവയ്‌ക്കുള്ള അനുമതിയും ഇതില്‍ ഉള്‍പ്പെടും. നാവിക സേനയുടെ ‘ശിവാലിക് ക്ലാസ്’ കപ്പലുകളില്‍ ഘടിപ്പിക്കാനവശ്യമായ ബ്രഹ്‌മോസ് ലോഞ്ചര്‍, ഫയര്‍ കണ്‍ട്രോള്‍ സംവിധാനം, അടുത്ത തലമുറയില്‍പ്പെട്ട നൂതന മിസൈല്‍ കപ്പലുകള്‍ എന്നിവ വാങ്ങിക്കുന്നതിനും പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി

Related Articles

Back to top button