KeralaLatest

ആംബുലൻസിൽ യുവതിക്കു സുഖ പ്രസവം.

“Manju”

വിതുര: ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ കനിവ് 108 ആംബുലൻസിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്കു സുഖ പ്രസവം. വിതുര മണ്ണാൻതല ഇരിഞ്ചയം ഞാറനീലി ഷനീസ ഭവനിൽ ഷൈനിന്റെ ഭാര്യ വർഷ മോഹൻ(30) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ആയിരുന്നു സംഭവം. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നു ബന്ധുക്കൾ വർഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടറുടെ പരിശോധനയിൽ വർഷയെ വിദഗ്ധ ചികിത്സക്കായി ഉടൻ തന്നെ എസ്എടി ആശുപത്രിയിലേക്കു മാറ്റണമെന്നു നിർദേശം ലഭിച്ചതിനെ തുടർന്നു കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വിതുര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എസ്.എ. അനന്തൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി ജോസ് എന്നിവർ ആശുപത്രിയിൽ എത്തി വർഷയെ ആംബുലൻസിലേക്ക് മാറ്റി എസ്എടിയിലേക്കു യാത്ര തിരിച്ചു.

എന്നാൽ ചേന്നൻപാറ എത്തിയപ്പോഴേക്കും വർഷയുടെ ആരോഗ്യ നില കൂടുതൽ വഷളാകുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻഷിജി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നും മനസ്സിലാക്കി.ആംബുലൻസിൽ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ചെ 1.19ന് ഷിജിയുടെ പരിചരണത്തിൽ വർഷ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.അമ്മയും കുഞ്ഞും എസ്എടി ആശുപത്രിയിൽ സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button