InternationalLatest

പാകിസ്താനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തി ഇറാൻ

“Manju”

തീവ്രവാദികൾ തടവിലാക്കിയ അതിർത്തി സേനാംഗങ്ങളെ മോചിപ്പിച്ചു.

ഇസ്ലാമാബാദ്: പാകിസ്താനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തി ഇറാൻ. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. വഹാബി തീവ്രവാദികൾ തടവിലാക്കിയിരുന്ന ഇറാന്റെ രണ്ട് അതിർത്തി സേനാംഗങ്ങളെ മോചിപ്പിക്കുന്നതിനായിരുന്നു നടപടിയെന്ന് ഇറാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. തെക്ക് കിഴക്കൻ ഇറാനിലെ ക്വോഡ്‌സ് താവളത്തിൽ നിന്നുളള സൈനികസംഘമാണ് സർജിക്കൽ സ്‌ട്രൈക്കിൽ പങ്കെടുത്തത്.

ഇറാന്റെ സായുധ സേനാവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. രണ്ടര വർഷത്തോളമായി ജെയ്ഷ് ഉൽ ആദിൽ തടവിലാക്കി വെച്ചിരുന്ന സൈനികരെയാണ് ഇറാൻ മോചിപ്പിച്ചത്. 2018 ൽ 12 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. മോചിപ്പിച്ച സൈനികരെ സുരക്ഷിതരായി രാജ്യത്ത് എത്തിച്ചതായും ഇറാൻ വ്യക്തമാക്കി.

പാകിസ്താനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്താൻ പ്രവിശ്യയിലെ മെർക്കാവ നഗരത്തിൽ നിന്നാണ് സൈനികരെ തട്ടിക്കൊണ്ടു പോയിരുന്നത്. ഇതിന് പിന്നാലെ ഇവരുടെ മോചനം സാദ്ധ്യമാക്കാനായി ഇരുരാജ്യങ്ങളും സൈനിക തലത്തിൽ സംയുക്ത കമ്മറ്റികളും രൂപീകരിച്ചിരുന്നു. ഇതിൽ അഞ്ച് പേരെ 2018 നവംബറിൽ മോചിപ്പിച്ചു. 2019 മാർച്ച് 21 ന് നാല് പേരെ പാക് സൈന്യവും മോചിപ്പിച്ചു.

ഇറാൻ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സംഘമാണ് ജെയ്ഷ് ഉൽ അദിൽ. 2019 ൽ ഭീകരാക്രമണത്തിലൂടെ ഇറാൻ സൈനികരെ വധിച്ച സംഭവത്തിന് പിന്നിലും ജെയ്ഷ് ഉൽ ആദിലായിരുന്നു. തീവ്രവാദികൾക്ക് ഏറെ സ്വാധീനമുളള പാകിസ്താന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നും ഇറാന്റെ തെക്കു കിഴക്കൻ മേഖലയിലേക്ക് നിരന്തരം ഇവർ ആക്രമണം നടത്തിയിരുന്നു. സർജിക്കൽ സ്‌ട്രൈക്ക് നടന്നതായ റിപ്പോർട്ടുകളോട് പാക് സൈന്യവും ഭരണാധികാരികളും പ്രതികരിച്ചിട്ടില്ല. 2016 ൽ ഇന്ത്യയും പാകിസ്താനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു.

Related Articles

Back to top button