Uncategorized

ഫൊക്കാനയുടെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മുഹമ്മദ് റിയാസിന്

“Manju”

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മന്ത്രി മുഹമ്മദ് റിയാസിന്. മികച്ച എം.എല്‍.എയ്ക്കുള്ള പുരസ്‌കാരം കോട്ടയം എം.എല്‍.യും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം.പിക്കുള്ള പുരസ്‌കാരം ഡോ. ജോണ്‍ ബ്രിട്ടാസിനുമാണ്. മാര്‍ച്ച് അവസാനംഏപ്രില്‍ ആദ്യ വാരത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ വച്ച് പുരസ്‌കാരം നല്‍കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ വരുന്ന മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലാണ് നടക്കുക. സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്ക് ഫൊക്കാന നല്‍കുന്ന പ്രഥമ അവാര്‍ഡിന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തുവെന്നും ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ വച്ച് പുരസ്‌കാരം നല്‍കുമെന്നും പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ.കലാ ഷാഹി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൂറിസം, പൊതുമരാമത്ത് വകുപ്പുകളിലെ മന്ത്രിയുടെ കാര്യക്ഷമമായ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ഒരു കാലഘട്ടം മുഴുവന്‍ രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരള ജനതയുടെ സ്‌നേഹം പിടിച്ചുപറ്റുകയും ആത്മാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി മാറുകയും ചെയ്തയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ഫൊക്കാന പ്രസിഡന്റ് വിലയിരുത്തി. രാഷ്ട്രീയത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന അപൂര്‍വ്വ നേതാക്കളില്‍ ഒരാളാണ് തിരുവഞ്ചൂരെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ പുരസ്‌കാരം അത് അര്‍ഹിക്കുന്ന വ്യക്തിക്ക് തന്നെ നല്‍കാനായെന്ന് ഫൊക്കാന ട്രഷറര്‍ ബിജു കൊട്ടാരക്കരയും അറിയിച്ചു.

മികച്ച എം.പിക്കുള്ള പുരസ്‌കാരം നേടിയ ഡോ. ജോണ്‍ ബ്രിട്ടാസ്, എം.പി ആയ ശേഷം പാര്‍ലമെന്റില്‍ വിവിധ വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തന്റെ ഫണ്ടുകള്‍ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ നിലയുള്ളതും ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചതും ജോണ്‍ ബ്രിട്ടാസ് ആയിരുന്നു. പാര്‍ലമെന്റില്‍ ഏതാണ്ട് 303 ഡിബേറ്റുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനം സാമൂഹ്യ പ്രവര്‍ത്തനം കൂടിയാണന്ന് നമുക്ക് കാണിച്ചുതന്ന ജോണ്‍ ബ്രിട്ടാസ്, കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ സാമൂഹ്യ, സാംസ്‌കാരിക, വികസന പ്രവര്‍ത്തങ്ങള്‍ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഫൊക്കാന മികച്ച എം.പിക്കുള്ള പുരസ്‌കാരം നല്‍കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ഫൊക്കാന ഫ്‌ലോറിഡ നാഷണല്‍ കണ്‍വന്‍ഷന്റെ നിറസാന്നിധ്യമായിരുന്ന ഡോ. ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ പുരസ്‌കാരം നേടിയ ജോണ്‍ ബ്രിട്ടാസിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ട്രഷറര്‍ ബിജു കൊട്ടാരക്കര അറിയിച്ചു.

Related Articles

Back to top button