Uncategorized

സഞ്ചാരികള്‍ക്ക് പുത്തന്‍ നിര്‍ദ്ദേശങ്ങളുമായി ഗോവ സര്‍ക്കാര്‍

“Manju”

പനാജി: ഇന്ത്യയുടെയും ലോകത്തിന്റെയും പലഭാഗത്തുനിന്നായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഒരോവര്‍ഷവും ഗോവയില്‍ എത്തുന്നത്. ഇത്തരത്തിലെത്തുന്ന സഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിര്‍ദേശങ്ങളുമായെത്തിയിരിക്കുകയാണ് ഗോവ സര്‍ക്കാര്‍. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 50000 രൂപവരെ പിഴ ഈടാക്കും. ഒപ്പം അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും പൂട്ട് വീഴും. വിദേശസഞ്ചാരികളുടെ അനുമതിയില്ലാതെ അവര്‍ക്കൊപ്പം സെല്‍ഫിയോ ഫോട്ടോയോ എടുക്കാന്‍ പാടില്ല. സണ്‍ ബാത്ത് ചെയ്യുന്നവരുടെയും കടലില്‍ കുളിക്കുന്നവരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്. ഗോവാ ബീച്ചിലും പ്രദേശത്തും മദ്യപിക്കാനോ ലൈസന്‍സില്ലാതെ ബീച്ചില്‍ മദ്യവില്‍പ്പന നടത്താനോ പാടില്ല. മദ്യം കഴിക്കുന്നതിനായി സഞ്ചാരികള്‍ക്ക് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും തിരഞ്ഞെടുക്കാവുന്നതാണ്. ഇത് കൂടാതെ പൊതുസ്ഥലങ്ങളില്‍ ഭക്ഷണം പാചകം ചെയ്യാനും അനുമതിയില്ല.

സഞ്ചാരികള്‍ പൈതൃക സ്വത്തുക്കളും ചുമരെഴുത്തുകളും നശിപ്പിക്കരുതെന്നും ചെങ്കുത്ത് പ്രദേശങ്ങളില്‍ കയറാനോ ഫോട്ടോ എടുക്കാനോ ശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഗോവയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് യാത്രക്കായി വാഹനങ്ങള്‍ വാടകയ്‌ക്ക് നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും ഗോവാ ഗതാഗത വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവയാണ്. അത്തരക്കാരില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. വാട്ടര്‍ സ്പോര്‍ട്സ്, റിവര്‍ ക്രൂയിസ് പോലുള്ള സേവനങ്ങള്‍ വിനോദസഞ്ചാരികള്‍ തിരഞ്ഞെടുക്കുമ്ബോള്‍ ബുക്ക് ചെയ്യുന്നതിന് മുന്നോടിയായി ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ട്രാവല്‍ ഏജന്റുമാരെ മാത്രം തിരഞ്ഞെടുക്കാനും നിര്‍ദ്ദേശമുണ്ട്.

Related Articles

Back to top button