Uncategorized

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും

“Manju”

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നന്മയാണ് എല്ലാവരും ഉദ്ദേശിക്കുന്നതെന്നും സ്ഥാപനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തിലേര്‍പ്പെട്ടത് മുതല്‍ പ്രശ്നം വസ്തുനിഷ്ഠമായി പഠിക്കുന്നതിന് വേണ്ടി ഉന്നതരടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ തെളിവ് എടുക്കുന്ന സന്ദര്‍ഭത്തില്‍ അതിനോട് സഹകരിക്കാന്‍ ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്‍ തയ്യാറായില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നാല്‍ പിന്നീട് അടൂര്‍ ഗോപാലകൃഷണന്റെ കൂടി അഭിപ്രായപ്രകാരം നിയോഗിച്ചതാണ് രണ്ടാമത്തെ കമ്മീഷന്‍. ഭരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും അനുഭവസമ്പത്തുള്ള സമൂഹം അംഗീകരിക്കുന്ന ഭരണാധികാരികളായി പ്രവര്‍ത്തിച്ച രണ്ടു പേരെയാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാമത്തെ കമ്മീഷന്‍ ശങ്കര്‍ മോഹനുമായി സംസാരിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയോ ആരെയെങ്കിലും നീക്കുകയോ ചെയ്തിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കിവരുമ്പോഴേക്കും ശങ്കര്‍ മോഹന്‍ ഡയറക്ടര്‍ സ്ഥാനം രാജിവക്കുകയായിരുന്നു. സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് പുറത്താക്കിയതല്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Check Also
Close
  • ……
Back to top button