Uncategorized

മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് സ്രാവ്

“Manju”

 

മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക്. ജനുവരി 5ന് മെക്സിക്കോ തീരത്ത് ഗള്‍ഫ് ഒഫ് കാലിഫോര്‍ണിയയിലെ ടൊബാരി ബേ മേഖലയിലായിരുന്നു സംഭവം. മാനുവല്‍ ലോപസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സ്രാവുകള്‍ മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ മുമ്ബുണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ തല കടിച്ചെടുത്തത് വളരെ അപൂര്‍വമാണെന്ന് ഗവേഷകര്‍ പറയുന്നു. സംരക്ഷിത ഇനത്തില്‍പ്പെടുന്ന സ്രാവ് സ്പീഷീസാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക്.

ലോപസിനെ സ്രാവ് ഇരയെന്ന് തെറ്റിദ്ധരിച്ചതാകാം ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. സ്കൂബ പോലുള്ള ഉപകരണങ്ങള്‍ ധരിച്ച്‌ കടലില്‍ നീന്തവെയായിരുന്നു ലോപസിനെ സ്രാവ് ആക്രമിച്ചത്. ലോപസിന്റെ തല സ്രാവ് കടിച്ചെടുക്കുന്ന ഭീകര ദൃശ്യം ഒപ്പമെത്തിയ രണ്ട് മത്സ്യത്തൊഴിലാളികള്‍ കണ്ടിരുന്നു. എന്നാല്‍ ഇവര്‍ ബോട്ടിലായിരുന്നു.

സീലുകളെ മറ്റോ ആകാമെന്ന് കരുതിയാണ് സ്രാവുകള്‍ പലപ്പോഴും മനുഷ്യരെ ആക്രമിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കാലുകളിലും മറ്റും കടിച്ചാലും ഇരയല്ലെന്ന് മനസിലാകുന്നതോടെ ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ കടുത്ത വിശപ്പ് മുന്നില്‍ കാണുന്ന എന്തിനെയും ആക്രമിക്കാന്‍ ഇവയെ പ്രേരിപ്പിച്ചേക്കാം. ഈ വര്‍ഷത്തെ ഏറ്റവും അപകടകരമായ സ്രാവ് ആക്രമണമാണ് ഇതെന്ന് കരുതുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മേഖലയില്‍ ഒരാള്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

20ാം നൂറ്റാണ്ടില്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോള്‍ ഇവ പുനഃരുജ്ജീവനത്തിന്റെ പാതയിലാണ്. കടലിലെ ഏറ്റവും വലിയ ഇരപിടിയന്‍മാരില്‍ ഒന്നാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍. മനുഷ്യനെ ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ള സ്രാവ് സ്പീഷീസും ഇതാണ്.

Related Articles

Back to top button