Uncategorized

പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ

“Manju”

ആലുവ: നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന്‍ പ്രതീഷിന് കരള്‍ നല്‍കി ദേവനന്ദ. രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ കോലഴി സ്വദേശിയായ 17-കാരിയെന്ന് ശസ്ത്രക്രിയ നടത്തിയ ആലുവ രാജഗിരി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അവയവദാന നിയമപ്രശ്‌നം മറികടക്കാന്‍ ഹൈക്കോടതിയിലും എത്തിയാണ് ഒടുവില്‍ അച്ഛന്റെ കരളായി ദേവനന്ദ മാറിയത്. ആലുവ രാജഗിരി ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ വിദഗ്ധന്‍ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തില്‍ ഒന്‍പതാം തീയതിയായിരുന്നു ശസ്ത്രക്രിയ. ഡോക്ടര്‍മാരായ ജോണ്‍ ഷാജി മാത്യു, ജോസഫ് ജോര്‍ജ്, സിറിയക് എബി ഫിലിപ്പ്, ജോര്‍ജ് ജേക്കബ്, ശാലിനി രാമകൃഷ്ണന്‍, ജയശങ്കര്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

ചെറുപ്രായത്തില്‍ ദേവനന്ദ കാണിച്ച ധൈര്യത്തെ പ്രത്യേകം അഭിനന്ദിക്കണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ദേവനന്ദയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തുകൊണ്ടായിരുന്നു ആശുപത്രിയുടെ ആദരം.

തൃശ്ശൂരില്‍ കഫെ നടത്തിയിരുന്ന 48-കാരനായ പ്രതീഷിന് കരളില്‍ കാന്‍സര്‍ കണ്ടെത്തിയതോടെയാണ് കരള്‍മാറ്റം അനിവാര്യമായത്. രാജഗിരി ആശുപത്രിയില്‍ തുടര്‍ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് തന്റെ കരള്‍ ചേരുമോയെന്നു നോക്കാന്‍ ദേവനന്ദ ആവശ്യപ്പെടുന്നത്. നിയമപ്രകാരം 18 വയസ്സ് പൂര്‍ത്തിയാകാത്തത് അവയവദാനത്തിന് തടസ്സമായതിനാല്‍ ഇളവുതേടി ദേവനന്ദ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ എല്ലാ രേഖകളും ഹാജരാക്കി. ഒടുവില്‍ ഹൈക്കോടതിയുടെ അനുമതി നേടി ശസ്ത്രക്രിയ നടത്തി. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ദേവനന്ദ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ദേവനന്ദയ്ക്ക് മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷയാണ്. ജീവിതത്തില്‍ ഒരു പരീക്ഷണം വിജയിച്ച ദേവനന്ദ അടുത്ത പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ്.

Related Articles

Back to top button