Uncategorized

3,500 വര്‍ഷം പഴക്കം, ഗവേഷകരെ വിസ്മയിപ്പിച്ച്‌ എതിറികന്‍ ബ്രൗണ്‍ ബിയര്‍

“Manju”

മോസ്കോ : വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് പെര്‍മാഫ്രോസ്റ്റ്എന്നറിയപ്പെടുന്നത്.

മണ്ണും മഞ്ഞും ഇടകലര്‍ന്ന മേഖലകളാണ് പെര്‍മാഫ്രോസ്റ്റുകള്‍. പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ ഉള്‍പ്പെടെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ അനേകം ജീവികളുടെ അവശിഷ്ടങ്ങളാണ് പെര്‍മാഫ്രോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈറസുകള്‍ പോലും ഇവിടെ ഉറങ്ങിക്കിടക്കുന്നുണ്ട്.

അത്തരത്തില്‍ നീണ്ട 3,500 വര്‍ഷങ്ങള്‍ക്ക് ശേഷം സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് മനുഷ്യരുടെ കരങ്ങളിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ് എതിറികന്‍ ബ്രൗണ്‍ ബിയര്‍“. പേര് പോലെ തന്നെ ബ്രൗണ്‍ ബിയര്‍ ഇനത്തിലെ ഒരു കരടിയാണിത്. 2020ല്‍ റെയിന്‍ഡീറുകളെ പരിപാലിക്കുന്ന ചിലര്‍ മോസ്കോയില്‍ നിന്ന് 4,600 കിലോമീറ്റര്‍ അകലെ ബോല്‍ഷോയ് ലയാഖോവ്‌സ്കി ദ്വീപിലെ പെര്‍മാഫ്രോസ്റ്റില്‍ നിന്നാണ് ഈ പെണ്‍ കരടിയെ കണ്ടെത്തിയത്.

3,500 വര്‍ഷങ്ങള്‍ക്ക് മുന്നേ ജീവന്‍ നഷ്ടമായെങ്കിലും അത്രയും വര്‍ഷത്തെ പഴക്കം എതിറികന്‍ ബ്രൗണ്‍ ബിയറിനെ കണ്ടാല്‍ തോന്നില്ല. കരടിയെ കിഴക്കന്‍ സൈബീരിയയിലെ യാകുറ്റ്സ്കിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ ലാസറെവ് മാമത്ത് മ്യൂസിയം ലബോറട്ടറിയിലെ ഗവേഷകര്‍ വിജയകരമായി പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി. കരടിയുടെ ആന്തരികാവയവങ്ങളെയും മസ്തിഷ്കത്തെയും പരിശോധിച്ചു.

5.09 അടി നീളവും 78 കിലോ ഗ്രാം ഭാരവും ഈ പെണ്‍ കരടിയ്ക്കുണ്ടായിരുന്നു. റഷ്യയുടെ വടക്ക് കിഴക്കന്‍ മേഖലകളായ യൂകാട്ടിയ, ചുകോട്‌ക എന്നിവടങ്ങളില്‍ ഇന്ന് കാണപ്പെടുന്ന കരടികളുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എയില്‍ നിന്ന് ഇവയുടേതിന് വ്യത്യാസമില്ലെന്ന് ജനിതക വിശകലനത്തില്‍ കണ്ടെത്തി. നട്ടെല്ലിനുണ്ടായ പരിക്ക് മൂലം ഏകദേശം രണ്ടോ മൂന്നോ വയസുള്ളപ്പോഴാണ് എതിറികന്‍ ബ്രൗണ്‍ ബിയറിന് ജീവന്‍ നഷ്ടമായത്.

എന്നാല്‍ ഇതെങ്ങനെ ബോല്‍ഷോയ് ലയാഖോവ്‌സ്കി ദ്വീപിലെത്തിയെന്ന് വ്യക്തമല്ല. പ്രധാന കരയില്‍ നിന്ന് 50 കിലോമീറ്റര്‍ വ്യത്യാസത്തില്‍ ആര്‍ട്ടിക് സമുദ്രത്തില്‍ ഒറ്റപ്പെട്ട നിലയിലുള്ള ദ്വീപാണ് ഇന്നിത്. മഞ്ഞു കട്ടകള്‍ക്ക് മുകളിലൂടെയോ നീന്തിയോ ദ്വീപിലേക്ക് എത്തിയെന്ന് കരുതുന്നു. അല്ലെങ്കില്‍ ദ്വീപ് അന്ന് പ്രധാന കരയുടെ ഭാഗമായിരുന്നിരിക്കാം. ഏതായാലും എതിറികന്‍ ബ്രൗണ്‍ ബിയറില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി വൈറസുകളെ പറ്റിയടക്കം വിവരങ്ങള്‍ കണ്ടെത്താനാണ് ഗവേഷകരുടെ ശ്രമം. സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് ഇതിന് മുന്നേ 42,000ത്തിലേറെ വര്‍ഷം പഴക്കമുള്ള വൂളി മാമത്തുകളുടെയടക്കം ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button