Uncategorized

ഡോ.ആർ.പ്രകാശ്‌‌കുമാർ ചുമതലയേറ്റു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം പ്രോജക്ട്സ് വിഭാഗം മേധാവിയായി പാലോട് ബോട്ടാണിക്കൽ ഗാർഡൻ മുൻ ഡയറക്ടർ ഡോ.ആർ. പ്രകാശ് കുമാർ ചുമതലയേറ്റു. ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ ഭാഗമായി ഹെൽത്ത്കെയർ സോണിൽ സിദ്ധ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ ആരംഭിച്ച പ്രോജക്ട്സ് ഡിവിഷന്റെ ഓഫീസിലാണ് അദ്ദേഹം ചുമതലയേറ്റത്. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങിൽ മഹനീയ സാന്നിധ്യമായി. ഗവേഷണത്തിൽ സ്തുത്യർഹമായ സേവനം കൊണ്ട് സ്വന്തം പേര് അടയാളപ്പെടുത്തിയ വ്യകതിത്വമാണ് ഡോ.പ്രകാശ് കുമാർ എന്നും അദ്ദേഹത്തിന്റെ മുപ്പത് വർഷത്തെ സേവനപരിചയം ശാന്തിഗിരി പ്രസ്ഥാനത്തിന് മുതൽക്കൂട്ടാകട്ടെ എന്നും സ്വാമി ആശംസിച്ചു. സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ, മെഡിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ വിജയൻ.എസ്, ബോട്ടണി വിഭാഗം അദ്ധ്യാപിക സിന്ധു.ബി.പി, കൺവീനർ അനു.എസ് എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ.ആർ. പ്രകാശ്‌‌കുമാർ 1985ൽ കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി ബിരുദാനന്തര ബിരുദവും 1993 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും നേടി. ഗവേഷണ വിദ്യാർത്ഥിയായും റിസർച്ച് അസോസിയേറ്റായും സേവനം ആരംഭിച്ച അദ്ധേഹം തുടർന്ന് ലക്ചറർ, ബി ലെവൽ സയന്റിസ്റ്റ്, ജോയിന്റ് ഡയറക്ടർ, ഡയറക്ടർ, ജി ഗ്രേഡ് സയന്റിസ്റ്റ് എന്നീ നിലകളിലേക്ക് സ്ഥാനക്കയറ്റം നേടി. നിരവധി അവാർഡുകളും ഫെലോഷിപ്പും ഹോണററി പുരസ്കാരങ്ങളും നേടിയിട്ടുളള അദ്ധേഹം ഇന്ത്യയിലെ ഗവേഷണരംഗത്തെ വിവിധ സ്ഥാപങ്ങളുടെ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button