Uncategorized

രാമക്ഷേത്രത്തില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവേശനം

“Manju”

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി മുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. താഴത്തെ നിലയുടെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കും. 2024 അവസാനത്തോടെ മൂന്ന് നിലകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.

രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‍കാസ്റ്റിങ് മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര അയോധ്യയിലെത്തി. എല്ലാ മതങ്ങളുടെയും വിശ്വാസ കേന്ദ്രമായി ഈ ക്ഷേത്രം മാറുകയാണെന്നും ഇന്ത്യയില്‍ നിന്ന് മാത്രമല്ല വിദേശത്തുനിന്നും ഭക്തര്‍ ദര്‍ശനത്തിനായി ഇവിടെയെത്തുമെന്നും അപൂര്‍വ ചന്ദ്ര പറഞ്ഞു.

അയോധ്യ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. ത്രിപുരയിലാണ് അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്. രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മാണം തടയാനാണ് ശ്രമിച്ചതെന്നും അമിത് ഷാ പറയുകയുണ്ടായി.

2019 നവംബറിലെ സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് രാമക്ഷേത്ര നിര്‍മാണം തുടങ്ങിയത്. 2020 ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ക്ഷേത്രത്തില്‍ പ്രധാന ദിവസങ്ങളില്‍ അഞ്ച് ലക്ഷം വരെ ഭക്തരെ ഉള്‍ക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ അറിയിക്കുകയുണ്ടായി. തീര്‍ഥാടന കേന്ദ്രം, മ്യൂസിയം, ആര്‍ക്കൈവ്‌സ്, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരിമാര്‍ക്കുള്ള മുറികള്‍ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Related Articles

Back to top button