Uncategorized

ചതിയിലൂടെ സൗദി മരുഭൂമിയിലേക്ക് കടത്തപ്പെട്ട ഇന്ത്യന്‍ യുവാവ് ദുരിതത്തിലായത് ഏഴ് ആണ്ട്

ഖത്തറിലെത്തിയ യുവാവിനെ തള്ളിയത് സൗദി മരുഭൂമിയില്‍; ഏഴ് ആണ്ട് ഒട്ടകം മേയ്ക്കല്‍,

“Manju”

 

അല്‍അഹ്സ: ഖത്തറില്‍നിന്ന് ചതിയിലൂടെ സൗദി മരുഭൂമിയിലേക്ക് കടത്തപ്പെട്ട ഇന്ത്യന്‍ യുവാവ് ദുരിതത്തിലായത് ഏഴ് ആണ്ട്. ഉത്തര്‍പ്രദേശ് വാരാണാസി സ്വദേശി അസാബ് കടന്നത് കനല്‍ ജീവിതത്തിലൂടെ. ഒടുവില്‍ അല്‍അഹ്സയിലെ മലയാളി സാമൂഹികപ്രവര്‍ത്തകരുടെ കാരുണ്യത്താല്‍ ഈ 42കാരന്‍ രക്ഷപ്പെട്ട് നാടണഞ്ഞു.

നല്ലൊരു പാചകക്കാരനായിരുന്നു ഈ യുവാവ്. കുടുംബത്തിന്റെ പ്രാരാബ്ധത്തിന്റെ ഭാരവും പേറിയാണ് 2016 സെപ്റ്റംബറില്‍ പാചകക്കാരന്റെ വിസയില്‍ ഖത്തറില്‍ വിമാനമിറങ്ങിയത്. പക്ഷേ, ആടുകളെ മേയിക്കുന്ന ജോലിയായിരുന്നു കാത്തിരുന്നത്. ഖത്തറിലെ സ്പോണ്‍സര്‍ അനധികൃതമായി സൗദിയുടെ അതിര്‍ത്തി കടത്തി മരുഭൂമിയിലെ തന്റെ ഒട്ടകക്കൂട്ടത്തിന് അടുത്തെത്തിച്ചു. 40ഓളം ഒട്ടകങ്ങളെ പരിപാലിക്കലായിരുന്നു ജോലി.

വിസയോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാതെ, രാവും പകലുമില്ലാതെ, ശരിയായ ഭക്ഷണമോ വിശ്രമമോ ഇല്ലാതെയുള്ള കഷ്ടപ്പാടേറിയ ഫാമിലെ (മസറ) കഠിന ദിവസങ്ങളുടെ തുടക്കമായിരുന്നു. ദുരിതംനിറഞ്ഞ ഒട്ടക ജീവിതത്തില്‍നിന്ന് രക്ഷപ്പെടാന്‍ വഴികാണാതെ മാസങ്ങളും വര്‍ഷങ്ങളും ഇതിനിടെ കടന്നുപോവുകയായിരുന്നു. നാട്ടില്‍ നിന്നു പോരുമ്ബോള്‍ ഏഴു വയസ്സ് മാത്രം പ്രായമായിരുന്ന തന്റെ ഏക മകളെയും പ്രിയപ്പെട്ട ഭാര്യയേയും പ്രായമായ അമ്മയേയും ഇനിയെന്നു കാണാനാവുമെന്നറിയാതെ നിരാശപ്പെട്ട് അനിശ്ചിതത്വം നിറഞ്ഞ് തള്ളിനീക്കുകയായിരുന്നു നാളുകള്‍.

ഇതിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം മോശമാകുന്നതും അതിര്‍ത്തി അടയ്ക്കുന്നതും. പൗരന്മാരോട് തിരികയെത്താന്‍ ഇരു രാജ്യങ്ങളും അവശ്യപ്പെട്ടു. സ്പോണ്‍സര്‍ സ്വദേശമായ ഖത്തറിലേക്ക് മടങ്ങിയെങ്കിലും അസാബിനെ കൂടെ കൊണ്ടുപോയില്ല. മാത്രമല്ല, സൗദിയിലെ തന്റെ മസറയിലുള്ള ഒട്ടകങ്ങളെ ഓരോന്നായി വിറ്റൊഴിവാക്കുകയും ചെയ്തു.

നാട്ടില്‍നിന്നെത്തിയ നാള്‍ മുതല്‍ മസറയിലും മരുഭൂമിയുടെ മണല്‍ക്കാഴ്ചകളിലും ആടുകളുടെയും ഒട്ടകങ്ങളുടെയും ഇടയിലും മാത്രമായി ജീവിച്ച്‌, പുറംലോകത്തെ കുറിച്ച്‌ ഒന്നുമറിയാത്ത അസാബ് താന്‍ അകപ്പെട്ടിരിക്കുന്ന കുഴപ്പങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയറിയാതെ കുഴഞ്ഞു. ദേശവും ദിക്കുമറിയാതെ മരുഭൂമിയില്‍ ഒരു ഗതിയും പരഗതിയുമില്ലാതെ എങ്ങോട്ടു പോകണമെന്നുമറിയാതെ തളയ്ക്കപ്പെട്ട ജീവിതത്തില്‍നിന്ന് എങ്ങനെയങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന ആഗ്രഹം ശക്തമായി.

ആറ് വര്‍ഷത്തോളം തുടര്‍ന്ന മരുഭൂമിയിലെ മസറ ജീവിതത്തില്‍നിന്ന് ഇതിനിടെ ആരുടെയൊക്കെയോ സഹായത്താല്‍ ആദ്യം റിയാദിലും പിന്നീട് അല്‍അഹ്സയിലുമെത്തി. അസാബിന്റെ ദുരിതജീവിതമറിഞ്ഞ ചിലരുടെയൊക്കെ സഹായത്താല്‍ ദൈനംദിന ചെലവുകള്‍ കണ്ടെത്തുന്നതിനായി പിന്നീട് തനിക്കറിയാവുന്ന ജോലികള്‍ ചെയ്തു. മരുഭൂമിയിലെ ദുരന്തനാളുകള്‍ അവസാനിച്ചുവെങ്കിലും കൈവശം നിയമപരമായ ഒരുവിധ രേഖകളുമില്ലാതെ ഒളിച്ചും ഭയന്നും ജീവിതം മുന്നോട്ടുകൊണ്ടുപോയി.

ഏതുവിധേനയും തിരികെ നാട്ടിലേക്ക് പോകാനായി ഇതിനിടെ കേട്ടറിവുവെച്ച്‌ എങ്ങനെയോ അല്‍അഹ്സയിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തി. അസാബിന്റെ ദുരിത ജീവിതത്തെക്കുറിച്ച്‌ മനസ്സിലാക്കിയ ജവാസത്ത് വിഭാഗത്തിലുള്ള ഓഫിസര്‍ അനുഭാവപൂര്‍വം പരിഗണിച്ചു. അല്‍അഹ്സയിലെ ഒ..സി.സി ജീവകാരുണ്യവിഭാഗം കണ്‍വീനറും ഇന്ത്യന്‍ എംബസി വളന്‍റിയറുമായ പ്രസാദ് കരുനാഗപ്പള്ളി, ശാഫി കുദിര്‍, ഉമര്‍ കോട്ടയില്‍ എന്നിവരെ ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കാന്‍ സഹായം ലഭിക്കുന്നതിന് സമീപിക്കാന്‍ നിര്‍ദേശിച്ചു.

അസാബില്‍നിന്ന് വിവരമറിഞ്ഞ ഒ..സി.സി ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസടക്കമുള്ള ആവശ്യമായ യാത്രാരേഖകളെല്ലാം ശരിയാക്കിനല്‍കി. ഒപ്പം അല്‍അഹ്സ ഒ..സി.സി വക വിമാന ടിക്കറ്റും അസാബിന് കൈമാറി. ഒടുവില്‍ എഴു വര്‍ഷത്തോളം നീണ്ട ദുരിതജീവിതപര്‍വം താണ്ടി കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ വാരാണസിയിലെത്തി കുടുംബത്തോടൊപ്പം ചേര്‍ന്നു. നാട്ടിലെത്തിയ അസാബും കുടുംബവും ഒ..സി.സി ഭാരവാഹികളോട് നന്ദിയറിയിച്ചു.

Related Articles

Check Also
Close
Back to top button