India

ഉത്തർപ്രദേശ് അൺലോക്കിങ്ങിലേക്ക്

“Manju”

ലക്‌നൗ: കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഉത്തർപ്രദേശ് സർക്കാർ. നിലവിൽ 600ൽ താഴെ കൊറോണ രോഗികൾ ഉള്ള ജില്ലകളിൽ ജൂൺ ഒന്നുമുതൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ സർക്കാർ തീരുമാനിച്ചു. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് സർക്കാർ തീരുമാനം. അതേസമയം ലക്‌നൗ പോലുള്ള വലിയ നഗരങ്ങളിൽ സജീവ കേസുകളുടെ എണ്ണം കൂടുതലായതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തില്ല.

600ൽ താഴെ കൊറോണ രോഗികളുള്ള ജില്ലകളിലെ മാർക്കറ്റുകൾക്ക് രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ തുടരും. ഗ്രാമീണ, നഗര മേഖലകളിലെ മാർക്കറ്റുകളും പരിസര പ്രദേശവും ഈ ദിവസങ്ങളിൽ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.

കടയുടമകളും ജീവനക്കാരും ഉപഭോക്താക്കളും സാമൂഹ്യ അകലം ഉൾപ്പെടെയുളള കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മെയ് 30 വരെയുള്ള കണക്ക് അനുസരിച്ച് കൊറോണ കേസുകൾ 600ൽ താഴെയുള്ള ജില്ലകൾക്ക് മാത്രമാണ് ഈ ഇളവുകൾ.

കൊറോണ പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഡിപ്പാർട്ട്‌മെന്റുകളിൽ മുഴുവൻ പേർക്കും ജോലിക്ക് ഹാജരാകാവുന്നാണ്. മറ്റ് വകുപ്പുകൾ അമ്പതുശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം. സ്‌കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കില്ലെങ്കിലും ഭരണസംബന്ധമായ ജോലികൾക്കായി ഇവിടങ്ങളിലെ ഓഫീസുകൾക്ക് പ്രവർത്തിക്കാമെന്നും വിജ്ഞാപനം പറയുന്നു.

Related Articles

Back to top button