IndiaLatest

പ്രധാനമന്ത്രി ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിക്കും

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിക്കും. ഏപ്രില്‍ 9-ന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെത്തുന്ന പ്രധാനമന്ത്രി സഫാരി യാത്ര നടത്തുമെന്ന് ഓദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും ബന്ദിപ്പൂരില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ സഫാരിക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ണ്ണാടക പോലീസ് 1500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു.

രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കര്‍ണ്ണാടകയില്‍ വച്ച്‌ നടക്കുന്ന ത്രിദിന മെഗാ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിനുശേഷമായിരിക്കും ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുക. മൈസൂരില്‍ നടക്കുന്ന പരിപാടി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. വന്യജീവി സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സന്ദേശമാണ് ഈ പരിപാടി നല്‍കുന്നത്.

അതേസമയം പ്രോജക്‌ട് ടൈഗര്‍ 50 വര്‍ഷം പിന്നിടുകയാണ്. ഇന്ത്യയുടെ കടുവ സംരക്ഷണത്തിന് സംസ്‌കാരികമായ മാനമുണ്ട്. ഇതിന്റെ വിജയത്തിനായി പൊതുജനങ്ങളുടെ പിന്തുണ നേടാനായി ഒരു മെഗാ പരിപാടി പ്രദര്‍ശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് നേരത്തെ മന്ത്രാലയം പറഞ്ഞു. ഈ പരിപാടിയില്‍ കടുവ സെന്‍സസിന് പുറമെ ഓര്‍മ്മ നിലനിര്‍ത്താനായി നാണയ പ്രകാശനം നടക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കടുവകളെ വംശനാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി 1973 ല്‍ ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി അഥവാ പ്രോജക്‌ട് ടൈഗര്‍. ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തില്‍ ഏപ്രില്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ 28 സംസ്ഥാനങ്ങളിലായി 17 കടുവാ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. രാജ്യത്തെ കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെയെല്ലാം കൂടി വിസ്തീര്‍ണ്ണം 37,761 ചതുരശ്ര കിലോമീറ്റര്‍ വരും. ആന്ധ്രാപ്രദേശിലെ നാഗാര്‍ജ്ജുന്‍ സാഗര്‍ ടൈഗര്‍ റിസര്‍വാണ് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രം. ഏറ്റവും ചെറിയ കടുവാ സംരക്ഷണ കേന്ദ്രം മഹാരാഷ്‌ട്രയിലെ പെഞ്ചും ആണ്.

Related Articles

Back to top button