KeralaLatest

ശാന്തിഗിരി ഗുരുസ്ഥാനീയക്ക് നമ്പ്യാര്‍കുന്നില്‍ വന്‍വരവേല്‍പ്പ്

“Manju”
നമ്പ്യാർകുന്ന് ശാന്തിഗിരി ആശ്രമത്തിലെത്തിയ ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ പൂർണ്ണകുംഭം നൽകി സന്ന്യാസി സന്ന്യാസിനിമാരും ആത്മബന്ധുക്കളും ചേർന്ന് സ്വീകരിക്കുന്നു.

സുല്‍ത്താന്‍ബത്തേരി: ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിക്ക് നമ്പ്യാര്‍കുന്നില്‍ വന്‍വരവേല്‍പ്പ് നല്‍കി. പ്രതിഷ്ഠാപൂര്‍ത്തീകരണം ചടങ്ങുകള്‍ക്കായെത്തിയ ശിഷ്യപൂജിതയ്ക്ക് നാട്ടുകാരും ഭക്തരും സന്യാസി സന്യാസിനിമാരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കിയായിരുന്നു വരവേല്‍പ്പ്.

ചൊവ്വാഴ്ച വൈകുന്നേരം 8 മണിയോടെ ശിഷ്യപൂജിത നമ്പ്യാര്‍കുന്നിലെ ആദിപര്‍ണ്ണശാലയിലെത്തി. 500മീറ്റര്‍ ദൂരം ഇരുവശങ്ങളിലും ദീപവും മുത്തുക്കുടകളും കൈയിലേന്തിയ ഭക്തര്‍ അണിനിരന്ന ആശ്രമവീഥിയിലൂടെ ഗുരുസ്ഥാനീയ കൂപ്പുകൈയ്യുമായി നടന്നു നീങ്ങിയപ്പോള്‍ പരിസരം ഭക്തിസാന്ദ്രമായി. താളമേളവും പ്രണവമന്ത്രവും പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്റെ ഇടയ്ക്കാവാദനവും ലയിച്ചതോടെ ആദിപര്‍ണ്ണശാല ഈശ്വരസാക്ഷാത്കാര കേന്ദ്രമായി.

നവജ്യോതിശ്രീകരുണാകരഗുരുവിന്റെ പാദപത്മങ്ങള്‍ പതിഞ്ഞ വയനാടിന്റെ മണ്ണില്‍ ശിഷ്യപൂജിത എത്തിയപ്പോള്‍ അത് ആദ്യകാല ആശ്രമ പ്രവര്‍ത്തകരില്‍ ഗുരുവിന്റെ തീര്‍ത്ഥയാത്ര സ്മരണകള്‍ ഉണര്‍ത്തി.

വാ‍ദ്യഘോഷങ്ങളോടെ തീര്‍ത്ഥയാത്ര ആശ്രമസമുച്ചയത്തില്‍ കടന്നതോടെ ആശ്രമം അഖണ്ഡനാമജപത്താല്‍ മുഖരിതമായി.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ഉള്‍പ്പെടെയുള്ള സന്യാസി സന്യാസിനിമാരും ഭക്തരും ചേര്‍ന്ന നൂറിലധികം പേരുളള തീര്‍ഥാടനസംഘത്തിന്റെ അകമ്പടിയോടെയാണ് ശിഷ്യപൂജിത കേന്ദ്രാശ്രമത്തില്‍ നിന്നും യാത്ര തിരിച്ചത്. തിരുവനന്തപുരത്ത് നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തിയ ശിഷ്യപൂജിത റോഡ് മാര്‍ഗ്ഗമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്.

കുന്നിന്‍ മുകളില്‍ പ്രകൃതി മനോഹരമായ സ്ഥലത്താണ് ശാന്തിഗിരി നമ്പ്യാര്‍ക്കുന്ന് ആശ്രമം സ്ഥിതിചെയ്യുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ ആത്മീയ കാര്യങ്ങളുടെ വാക്കും വഴിയും ഗുരുസ്ഥാനീയ ശിഷ്യപൂജിതയാണ്. അപൂര്‍വ്വം ചില അവസരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥയാത്രകള്‍ക്കു മാത്രമെ ശിഷ്യപൂജിത കേന്ദ്രാശ്രമത്തില്‍ നിന്നും പുറത്തുപോകാറുള്ളൂ. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്.

ഇന്ന് രാവിലെ 9മണിക്കാണ് ആശ്രമത്തിലെ പ്രതിഷ്ഠാപൂര്‍ത്തീകരണം.പര്‍ണ്ണശാലയില്‍ ഗുരുവിന്റെ ചിത്രം പ്രതിഷ്ഠിക്കും. ചടങ്ങുകള്‍ക്ക് ശേഷം ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ശിഷ്യപൂജിത ദര്‍ശനം നല്‍കും. ഏപ്രില്‍ 7 ന് ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് തീര്‍ത്ഥയാത്ര കക്കോടി ആശ്രമത്തിലേക്ക് തിരിക്കും.

Related Articles

Back to top button