Kerala

തണലൊരുക്കാൻ ബ്ലേഡ് മാഫിയ

“Manju”

മുകളിൽ ആകാശം താഴെ ഭൂമി എന്ന ചിന്തയുമായി കൂലിത്തല്ലിന് ഇറങ്ങുന്നവരെ പേരു കേട്ട ഗുണ്ടകൾ ആക്കി മാറ്റുന്നതിൽ ജില്ലയിലെ ബ്ലേഡ് മാഫിയയ്ക്കും പങ്കുണ്ട്. ആഡംബരജീവിതം നയിക്കാനുള്ള പണം, ഒപ്പം പൊലീസ് കേസുകളിൽ നിന്നുള്ള സംരക്ഷണം. ഇതു രണ്ടും ഉറപ്പാക്കി ബ്ലേഡ് മാഫിയ വിരിക്കുന്ന ചിറകിന്റെ തണലിൽ ഇവർ തഴച്ചു വളരുന്നു. കോടതിയിൽ കെട്ടിവയ്ക്കാനുള്ള ജാമ്യത്തുക, കേസ് വാദിക്കാൻ മുന്തിയ അഭിഭാഷകർ, യാത്രയ്ക്ക് ആഡംബര വാഹനങ്ങൾ, തങ്ങാൻ മുന്തിയ ഹോട്ടലുകൾ… ഇതൊക്കെ നൽകി ബ്ലേഡ് മാഫിയ സംരക്ഷിക്കുന്ന ചെറുസംഘങ്ങൾ പച്ച പിടിക്കുന്നതോടെ മേഖലകളിലേക്കു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും വ്യാപക തോതിൽ എത്തുന്നു.

ഇത്തരം സംഘങ്ങളിൽ പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്കൂളുകൾ കേന്ദ്രീകരിച്ചു പോലും കഞ്ചാവ് ഇടപാടുകൾ നടത്തുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ലഹരി ഉൽപന്നങ്ങളുടെ ചുവടു പിടിച്ചു തുടങ്ങുന്ന ചങ്ങാത്തമാണു പല കൗമാരക്കാരെയും ഗുണ്ടാസംഘത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ വർഷം ഏറ്റുമാനൂർ മേഖലയിലെ സ്കൂളിലെ സഹപാഠികളെ കൈകാര്യം ചെയ്യാൻ പ്ലസ് വൺ വിദ്യാർഥിയുടെ ക്ഷണം സ്വീകരിച്ചെത്തിയതു ലഹരിമരുന്ന് ഇടപാടുകാരൻ കൂടിയായ മറ്റൊരു ഗുണ്ട!

വാഹനം പണയപ്പെടുത്തി പണം പലിശയ്ക്കെടുക്കുന്നവരുടെ മുതലും പലിശയും ഒപ്പം വാഹനവും തന്നെ തട്ടിയെടുക്കുന്നതാണു പല ബ്ലേഡ് സംഘങ്ങളുടെയും രീതി. മുതലും പലിശയും അടച്ചുതീർത്തതിനു ശേഷം വാഹനത്തിന്റെ ആർസി ബുക്ക് തിരികെ വാങ്ങാൻ എത്തുന്ന ഉടമയെ മർദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തതിനു ശേഷം വാഹനം ഇതര ജില്ലകളിലെത്തിച്ചു മറിച്ചുവിൽക്കുകയാണു രീതി. ഇത്തരം സംഭവങ്ങൾക്കെതിരെ പരാതി നൽകാൻ ആളുകൾ മടിക്കുന്നതിനാൽ പലപ്പോഴും പൊലീസും നിസ്സഹായരാണ്.

 

Related Articles

Back to top button