KeralaLatest

വിതുരയില്‍ ഹെലി ടൂറിസം വരുന്നു

“Manju”

മലയോര സഞ്ചാരകേന്ദ്രങ്ങളുടെ ആകാശക്കാഴ്ചയൊരുക്കി വിതുര ഫെസ്റ്റിന്റെ ഭാഗമായി വിതുരയില്‍ ഹെലി ടൂറിസം വരുന്നു. മേള നടക്കുന്ന വാവറക്കോണം അഞ്ചേക്കറിലാണ് ഹെലിപ്പാഡ് ഒരുങ്ങുക. 35 മീറ്റര്‍ നീളത്തിലും വീതിയിലും നിര്‍മിക്കുന്ന ഗ്രൗണ്ടില്‍ പറന്നിറങ്ങുന്ന ഹെലികോപ്റ്ററിലാണ് സന്ദര്‍ശകര്‍ക്ക് പാസ് മൂലം പ്രവേശനം. തുടര്‍ന്ന് അഗസ്ത്യകൂടം, പേപ്പാറ, പൊന്മുടി, തെന്മല തുടങ്ങിയ പ്രകൃതിദത്ത സഞ്ചാരകേന്ദ്രങ്ങള്‍ക്കു മുകളിലൂടെയാണ് പറക്കല്‍.
പത്തുദിവസത്തെ ഫെസ്റ്റില്‍ രണ്ടു ദിവസമായിരിക്കും ഹെലി ടൂറിസം നടപ്പാക്കുക. ഒറ്റപ്പറക്കലില്‍ ആറു പേര്‍ക്കാണ് പ്രവേശനം. 4000 രൂപയാണ് ഒരാളുടെ ചാര്‍ജ്. പദ്ധതി നടത്തിപ്പുകാരായ ഹോളിഡേ ഹെലി ടൂറിസം എം.ഡി. ബെന്നി, ഗ്രൂപ്പ് ക്യാപ്റ്റന്‍ ജി.ജി.കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തി. മലയോര വിനോദസഞ്ചാരത്തിനു പുതിയ സാധ്യതകള്‍ തെളിയുകയാണ് ഹെലി ടൂറിസത്തിലൂടെ.

വിതുര വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിതുര ഫെസ്റ്റിനെ വരവേല്‍ക്കാന്‍ മലയോരമേഖല ഒരുങ്ങുന്നു. മേയ് ഒന്നുമുതല്‍ പത്തുവരെ വിതുര വാവറക്കോണം അഞ്ചേക്കറിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക വ്യാവസായിക വിപണനമേള, സെമിനാറുകള്‍, സാംസ്‌കാരിക സദസ്സ്, കലാപരിപാടികള്‍, കാവ്യസന്ധ്യ, നാടകോത്സവം, കന്നുകാലിച്ചന്ത, ഫുഡ് കോര്‍ട്ട്, സിനിമാ വില്ലേജ്, മെഡിക്കല്‍ ക്യാമ്പുകള്‍, പുഷ്പഫല സസ്യമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക് മോട്ടോര്‍ എക്‌സ്‌പോ, കലാകായികമേള തുടങ്ങി വിവിധ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്.

സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. അടൂര്‍ പ്രകാശ് എം.പി., ജി.സ്റ്റീഫന്‍ എം.എല്‍.., എന്‍.ഷൗക്കത്തലി, പരണിയം ദേവകുമാര്‍, സി.എസ്.വിദ്യാസാഗര്‍, ചാരുപാറ രവി, പി.ഗിരികുമാര്‍, എം.എസ്.റഷീദ് എന്നിവര്‍ മുഖ്യ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് പ്രസിഡന്റും എസ്.സതീശചന്ദ്രന്‍ നായര്‍ ജനറല്‍ സെക്രട്ടറിയുമായി 151 പേര്‍ അടങ്ങുന്ന സംഘാടക സമിതിക്കാണ് ഫെസ്റ്റിന്റെ ചുമതല.

 

 

 

Related Articles

Back to top button