IndiaLatest

പ്രധാനമന്ത്രിയെ അഭിമുഖത്തിന് ക്ഷണിച്ച്‌ സന

“Manju”

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിമുഖത്തിന് ക്ഷണിച്ചിരിക്കുകയാണ് രാജ്യത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാര്‍ത്താവതാരക സന. ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് രാജ്യത്തെ ആദ്യ എഐ ആങ്കറെ അവതരിപ്പിച്ചിരിക്കുന്നത്. സമര്‍ത്ഥയായ, സുന്ദരിയായ, പ്രായം കുറഞ്ഞ, ഒരിക്കലും മടുപ്പോ തളര്‍ച്ചയോ വരാത്ത എഐ വാര്‍ത്താവതാരകയാണ് സന. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പ്രമുഖ ദേശീയ മാദ്ധ്യമത്തിന്റെ കോണ്‍ക്ലേവില്‍ സന അവതരണം നടത്തിയിരുന്നു.

സന പ്രധാനമന്ത്രിയോട് സംസാരിക്കുന്ന വീഡിയോയും സന കാലാവസ്ഥ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന്റെ വീഡിയോയും ദേശീയ മാദ്ധ്യമം പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരം എന്ന സ്ഥലപ്പേരടക്കം ഉച്ചരിക്കുന്നതും ഇതില്‍ കേള്‍ക്കാവുന്നതാണ്. 2024-ല്‍ ഒരു അഭിമുഖം തരുമോ എന്ന് പരിപാടിയില്‍ സന പ്രധാനമന്ത്രിയോട് ചോദിച്ചു. അടുത്ത വര്‍ഷം ഇന്ത്യയില്‍ ലോക്‌സഭ ഇലക്ഷന്‍ നടക്കാനിരിക്കുകയാണല്ലോ. എഐ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായാണ് പ്രധാനമന്ത്രി അറിയപ്പെടുന്നതെന്നും സന വീഡിയോയില്‍ പറയുന്നു.

സ്ഫുടമായ ഇംഗ്ലീഷിലാണ് സന പ്രതികരിച്ചത്. എഐ വാര്‍ത്താ അവതാരകര്‍ ഇനിയും വ്യാപകമാകാനാണ് സാധ്യത. നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ്, ഡീപ് ലേണിങ് എന്നിവ സംയോജിപ്പിച്ച്‌ യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന സംഭാഷണ രീതിയും മുഖഭാവങ്ങളും എഐ വാര്‍ത്ത വായനക്കാരില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നു. ഇവയ്‌ക്ക് ഏത് ടെക്സ്റ്റും വായിക്കാന്‍ സാധിക്കും. കേള്‍വിക്കാരുടെ ശ്രദ്ധ പിടിച്ചു നിര്‍ത്താന്‍ കെല്‍പ്പുള്ള രീതിയില്‍ ശബ്ദം ക്രമീകരിക്കാനും സാധിക്കുമെന്നാണ് പറയുന്നത്.

ശബ്ദത്തോട് ചേര്‍ന്നുപോകുന്ന രീതിയില്‍ കണ്ണിന്റെയും മുഖത്തിന്റെയും ഭാവങ്ങള്‍ കൊണ്ടുവരാനും സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ ഭാഷകള്‍, ഉച്ചരാണ രീതികള്‍, ശൈലികള്‍ ഒക്കെ എഐക്കു വഴങ്ങും. ഇപ്പോള്‍ കാണാന്‍ സാധിക്കുന്ന അസ്വഭാവികതകള്‍ കാലക്രമത്തില്‍ പരിഹരിച്ചെടുക്കാമെന്നതും ഗുണമാണെന്ന് ഇവ കളംപിടിക്കുമെന്നു കരുതുന്നവര്‍ പറയുന്നു. എന്നാല്‍ മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ കഴുത്തിന് മുകളില്‍ തൂങ്ങുന്ന ഇരുതല മൂര്‍ച്ചയുള്ള വാളാണ് എഐ വാര്‍ത്താവതാരകര്‍ എന്ന് ചില കൂട്ടര്‍ നിരീക്ഷിക്കുന്നു. എഐ വാര്‍ത്താവതാരകരെ പ്രയോജനപ്പെടുത്തി പല മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും പണം ലാഭിക്കാന്‍ സാധിച്ചേക്കും. അതേസമയം, ഇത് ധാര്‍മ്മികമായും, ഉത്തരവാദിത്വത്തോടെയുമാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നും ഇവര്‍ ചര്‍ച്ചയാക്കുന്നു.

Related Articles

Back to top button