LatestThiruvananthapuram

അഗ്നിരക്ഷാ സേനയ്ക്ക് 66 പുതിയ വാഹനങ്ങള്‍ ;മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

“Manju”

തിരുവനന്തപുരം: സംസ്ഥാന അഗ്നിരക്ഷാ സേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചൊവ്വാഴ്ച കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അഗ്നിരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ ബി. സന്ധ്യ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സേനാ സന്നാഹം കേരളത്തിനാവശ്യമാണ്. ഇന്ന് നാടിന് സമര്‍പ്പിച്ച വാഹനവ്യൂഹം ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പായി മാറുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അത്യാധുനിക സൗകര്യങ്ങളടങ്ങിയ ആറ് ഡി.സി.പി (ഡ്രൈ കെമിക്കല്‍ പൗഡര്‍) ടെന്‍ഡറുകള്‍, മൂന്ന് ട്രൂപ്പ് ക്യാരിയറുകള്‍, 35 ഫസ്റ്റ് റെസ്പോണ്‍സ് വാഹനങ്ങള്‍, 12 ഫയര്‍ ടെന്‍ഡറുകള്‍, 10 സ്‌ക്യൂബ വാനുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ വാഹനവ്യൂഹം.

ഓയില്‍ റിഫൈനറി, വാഹനം, പെട്രോള്‍ മുതലായവയുമായി ബന്ധപ്പെട്ട തീപിടുത്തവും മറ്റും ഫലപ്രദമായി നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വാഹനമാണ് ഡി.സി.പി ടെന്‍ഡര്‍. അഗ്നി രക്ഷാസേനയുടെ പ്രധാന വാഹനമായ ഫയര്‍ ടെന്‍ഡറില്‍ വെള്ളമുപയോഗിച്ച് നിയന്ത്രിച്ച് അണയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നു. അഗ്‌നിരക്ഷാദൗത്യത്തിന് ആദ്യമെത്തിക്കുന്ന ഫയര്‍ റെസ്പോണ്‍സ് വാഹനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആധുനിക ഉപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നാലു ചക്രങ്ങളിലും ഡ്രൈവ് ഉള്ള ട്രൂപ്പ് ക്യാരിയര്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവിടങ്ങളിലെ ദുഷ്‌കരമായ റോഡുകളിലൂടെ സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലങ്ങളിലെത്തിക്കുന്നതിനും സഹായിക്കും. ഡിങ്കി, ഔട്ട്ബോര്‍ഡ് എന്‍ജിന്‍ എന്നിവ സഹിതമുള്ള വാന്‍ സ്‌ക്യൂബ ടീം അംഗങ്ങള്‍ക്ക് എത്തിച്ചേരുന്നതിനുള്ള വാഹനമാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് ആളുകളെ രക്ഷിച്ചിരുന്നു.

Related Articles

Back to top button