IndiaLatest

സി 295 വിമാനം പരീക്ഷണ പറക്കല്‍ വിജയം

“Manju”

ന്യൂഡല്‍ഹി: ഈ വര്‍ഷം പകുതിയോടെ പുറത്തിക്കുന്ന വ്യോമസേനയുടെ സി 295 വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയം. സ്പെയിനിലെ സാവല്ലെയിലാണ് ആദ്യപരീക്ഷണം നടന്നത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകുന്ന പുതിയ എയര്‍ബസ് യുദ്ധമുഖത്ത് ആളും ആയുധവും എത്തിക്കാന്‍ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളുള്ള വിമാനമാണ്. സ്പെയിനിലെ എയ‌ര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസാണ് വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍.

ഒരു സ്വകാര്യ കമ്പനി ആദ്യമായാണ് രാജ്യത്ത് യുദ്ധവിമാന നിര്‍മ്മാണത്തിന്റെ ഭാഗമാകുന്നത്. രാജ്യത്തെ പ്രതിരോധ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. ആകെ 56 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അതില്‍ 16 എണ്ണം പൂര്‍ണമായി സ്പെയിനില്‍ നി‌ര്‍മ്മിച്ച്‌ ഇന്ത്യയിലെത്തിക്കും. ബാക്കി 40 എണ്ണം ഇന്ത്യയില്‍ ടാറ്റ കണ്‍സോര്‍ഷ്യമാണ് നിര്‍മ്മിക്കുക. 10 വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

2021 സെപ്റ്റംബറിലാണ് സ്പെയിനുമായി 21,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഏ‍ര്‍പ്പെടുന്നത്. നിലവില്‍ ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന അവ്‍രോ വിമാനങ്ങള്‍ക്ക് പകരമാണ് സി 295. 1960 മുതല്‍ ഇന്ത്യന്‍ വ്യോമസനയുടെ പക്കലുള്ള വിമാനമാണ് ബ്രിട്ടീഷ് വിമാനമാണ് അവ്‌രോ. ആളും ചരക്കും വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനം കാലപ്പഴക്കത്തെ തുടര്‍ന്നാണ് ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേന തീരുമാനിച്ചത്. 1997ലാണ് സി 295 ആദ്യമായി പുറത്തിറക്കുന്നത്.

2001ല്‍ സ്പാനിഷ് വ്യോമസേനയാണ് സി 295 ആദ്യമായി വാങ്ങുന്ന രാജ്യം. ഇന്ന് 15 രാജ്യങ്ങളുടെ വ്യോമസേനകള്‍ ഈ വിമാനം ഉപയോഗിക്കുന്നു. സമകാലിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 5-10 ടണ്‍ ശേഷിയുള്ളതാണ് സി 295. ഭാരമേറിയ കാര്‍ഗോ എളുപ്പത്തി‍ല്‍ കൈകാര്യം ചെയ്യാനും വിമാനം അനുയോജ്യമാണ്. 71 ട്രൂപ്പ് അംഗങ്ങളെ കൊണ്ടുപോകാന്‍ ശേഷിയുള്ള വിമാനമാണിത്. 9250 കിലോ വരെ ഭാരം വഹിക്കാം. മണിക്കൂറില്‍ 482 കിലോ മീറ്ററാണ് പരമാവധി വേഗം.

Related Articles

Back to top button