InternationalLatest

കാനഡയില്‍ വാക്സിന്‍ വിരുദ്ധ പ്രതിഷേധം

“Manju”

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കോവിഡ് കല്‍പനകള്‍ക്കെതിരെ ജനങ്ങളുടെ കലാപം . യുഎസിലേക്കുള്ള അതിര്‍ത്തി കടക്കരുതെന്നും കോവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കാത്തവര്‍ക്കെതിരായ കര്‍ശന നടപടികളും ആണ് ജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
മാസ്ക് ധരിക്കാത്തവര്‍ക്കും സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും കര്‍ശന നടപടികളാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനങ്ങള്‍ പാര്‍ലമെന്‍റ് കെട്ടിടത്തിന് ചുറ്റും തടിച്ചുകൂടിയിരിക്കുകയാണ്. കാറുകളും ട്രക്കുകളും നിറഞ്ഞ് ഇവിടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ദേശീയ യുദ്ധ സ്മാരകമന്ദിരത്തിനു ചുറ്റിലും ജനങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുടുംബത്തോടൊപ്പം രഹസ്യകേന്ദ്രത്തില്‍ അഭയം തേടിയിരിക്കുകയാണ്.
അഞ്ജാത സൈനികരുടെ ശവകുടീരത്തിന് മീതെ നിരവധി പേര്‍ സ്വസ്തിക ചിഹ്നവും കൊടികളും പ്ലക്കാര്‍ഡുകളും പിടിച്ച്‌ നൃത്തം ചെയ്യുന്നതും കാണാം. കാനഡയിലെ മനുഷ്യാവകാശപ്രവര്‍ത്തകനായിരുന്ന ടെറി ഫോക്‌സിന്റെ പ്രതിമയില്‍ വാക്‌സിന് എതിരായ പ്ലക്കാര്‍ഡുകള്‍ തൂക്കിയും ജനം പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ അഞ്ജാത സൈനികരുടെ ശവകുടീരത്തിന് മീതെ നൃത്തം ചെയ്യുന്നതിനെ ഒട്ടാവ മേയര്‍ ജിം വാട്‌സണ്‍ അപലപിച്ചു.
ജസ്റ്റിന്‍ ട്രൂഡോയുടെ കോവിഡ് തിട്ടൂരങ്ങള്‍ ഫാസിസത്തിന് തുല്ല്യമാണെന്നാരോപിച്ച്‌ ജനങ്ങള്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയാണ്. ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കണമെന്ന ആവശ്യവും ശക്തമാണ്. ഏത് സമയത്തും കലാപകാരികളും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി വാക്‌സിന്‍ വിരുദ്ധ കലാപകാരികള്‍ മുദ്രാവാക്യം മുഴക്കുകയാണ്.

Related Articles

Back to top button