IndiaLatest

സൈനിക തലപ്പത്ത് യൂണിഫോം ഏകീകരണം

“Manju”

ന്യൂഡല്‍ഹി: ബ്രിഗേഡിയര്‍ മുതല്‍ ജനറല്‍ വരെയുള്ള ഓഫീസര്‍ റാങ്കുകളില്‍ ആഗസ്റ്റ് ഒന്നു മുതല്‍ ഒരേ യൂണിഫോം നല്‍കാന്‍ കരസേന. റെജിമെന്റും ചില നിയമങ്ങളും പ്രകാരം യൂണിഫോമിലുള്ള വ്യത്യാസം ഈ റാങ്കുകളില്‍ ഇനിയുണ്ടാകില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, അടുത്തിടെ സമാപിച്ച ആര്‍മി കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സിലാണ് യൂണിഫോം ധാരണയുണ്ടായത്.

മുതിര്‍ന്ന ഒാഫീസര്‍മാരില്‍ ഐക്യം രൂപപ്പെടുത്താന്‍ പൊതുയൂണിഫോം സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. സേനയില്‍ തുടരുന്ന ബ്രിട്ടീഷ് കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒഴിവാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായും ഇത് വിലയിരുത്തപ്പെടുന്നു.

നിലവില്‍, കരസേനയിലെ റെജിമെന്റുകള്‍, സേവനങ്ങള്‍ എന്നിവയ്ക്കനുസരിച്ച്‌ യൂണിഫോം വ്യത്യസ്തമാണ്. നിയമനം ലഭിക്കുന്ന യൂണിറ്റിന്റെ യൂണിഫോമാണ് ഓഫീസര്‍മാര്‍ ഉയര്‍ന്ന റാങ്കുകളിലും ധരിക്കുക. പൊതു യൂണിഫോം ധരിക്കുമ്പോള്‍ റെജിമെന്റുകളുടെ അതിര്‍വരമ്പുകളില്ലാതെ ഉയര്‍ന്ന ഓഫീസര്‍മാരില്‍ പൊതു സ്വത്വബോധവും ഒന്നിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ശക്തമായ ബന്ധവും ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
ബ്രിഗേഡിയര്‍ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ മിക്കവാറും യൂണിറ്റുകളുടെയോ ബറ്റാലിയനുകളുടെയോ മേധാവികളോ ആസ്ഥാനങ്ങളുടെയോ, സ്ഥാപനങ്ങളുടേയോ നേതൃത്വം കയ്യാളുന്നവരോ, പ്രത്യേക ചുമതലകള്‍ വഹിക്കുന്നവരോ ആയിരിക്കും.

പൊതു യൂണിഫോം വരുന്ന റാങ്കുകള്‍:
ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍, ലെഫ്റ്റനന്റ് ജനറല്‍, ജനറല്‍. ഈ റാങ്കുകളില്‍ ക്യാപ്പ് (തൊപ്പി), തോളിലെ റാങ്ക് ബാഡ്‌ജ്, കോളറിലെ ഗോര്‍ജറ്റ് പാച്ച്‌, ബെല്‍റ്റ്, ഷൂ തുടങ്ങിയവ സമാനമായിരിക്കും.
കേണലിന്റെയും താഴെയുള്ള റാങ്കുകളിലെ ഉദ്യോഗസ്ഥരുടെയും യൂണിഫോമില്‍ മാറ്റമില്ല.

Related Articles

Back to top button