KeralaLatest

സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് മൂന്നുദിവസത്തെ പരിശീലനം

“Manju”

വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സംസ്ഥാനത്തെ സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് മൂന്നുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനുള്ള കോഴ്സിന് ഗതാഗതവകുപ്പ് രൂപം നല്‍കി. ശാസ്ത്രീയ പരിശീലനം നല്‍കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.ഡി.ടി.ആര്‍.) താമസിച്ചുള്ള പരിശീലനം നല്‍കാനായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. ഇതിനെതിരേ സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഇത് ജില്ലാതലത്തിലാക്കാനാണ് ആലോചന.

ഐ.ഡി.ടി.ആറില്‍ സ്‌കൂള്‍വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ജൂണ്‍ ഒന്നിനുമുമ്പായി പരിശീലനം നല്‍കാനായിരുന്നു ഉത്തരവ്. കോഴ്സ് ഫീയായി 3,000 രൂപയും താമസസൗകര്യം ആവശ്യമെങ്കില്‍ 1,500 രൂപയും അടയ്ക്കണം. മറ്റ് ജില്ലകളില്‍നിന്നുള്ളവര്‍ എടപ്പാളില്‍ എത്തേണ്ടിവരുന്നതും 4,500 രൂപ ഫീസായി അടയ്‌ക്കേണ്ടിവരുന്നതും ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഇതിനോട് സഹകരിച്ചില്ല.

സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ കഴിഞ്ഞമാസം കോടതിയെ സമീപിച്ചപ്പോള്‍ നേരത്തെ ജോയന്റ് ആര്‍.ടി.ഒ. ഓഫീസുതലത്തില്‍ നടത്തിയിരുന്ന പരിശീലനം തുടരുന്നതുസംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പരിശീലനം ജില്ലാതലത്തിലാക്കാന്‍ ആലോചന. സര്‍ക്കാരിന്റെ അഭിപ്രായം ഹൈക്കോടതിയെ ഉടന്‍ അറിയിക്കും.

എടപ്പാളിലെ ഐ.ഡി.ടി.ആറില്‍ നടത്തുന്ന അതേ കോഴ്സ് അവിടെനിന്നുള്ള പരിശീലകരെ എത്തിച്ച് ജില്ലാതലത്തില്‍ ഒരു കേന്ദ്രത്തില്‍ മൂന്നുദിവസമായി നടത്താനാണ് തീരുമാനം. അതേസമയം, എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏപ്രിലില്‍ തുടങ്ങിയ കോഴ്സില്‍ ഇരുന്നൂറോളം പേര്‍ പുതിയ കോഴ്സ് പൂര്‍ത്തിയാക്കി. ഇതില്‍ മറ്റ് ജില്ലക്കാരും ഉള്‍പ്പെടും. നാലാം ബാച്ചിന്റെ പരിശീലനം ആരംഭിച്ചതായും ഐ.ഡി.ടി.ആര്‍. അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button