IndiaLatest

അഗ്നിവീരന്മാര്‍ക്ക് റെയില്‍വേയില്‍ ജോലി സംവരണം

“Manju”

ന്യൂഡല്‍ഹി: അഗ്നിവീര്‍ സൈനികര്‍ക്ക് ഇനി മുതല്‍ ലെവല്‍ ഒന്ന് നോണ്‍ ഗസറ്റ് തസ്തികകളില്‍ 10 ശതമാനവും ലെവല്‍ രണ്ടില്‍ 5 ശതമാനവും ജോലിസംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ റെയില്‍വേ മന്ത്രാലയം. ശാരീരികക്ഷമത പരിശോധനയിലും പ്രായനിബന്ധനയിലും റെയില്‍വേ ഇളവ് നല്‍കും. ആദ്യ ബാച്ചിന് 5 വര്‍ഷവും തുടര്‍ന്നുള്ള ബാച്ചുകള്‍ക്ക് 3 വര്‍ഷവുമാണ് പ്രായത്തില്‍ ഇളവ് നല്‍കുക. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡും റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലും നടത്തുന്ന നിയമനങ്ങളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം പാലിക്കാനാവശ്യപ്പെട്ട് എല്ലാ ജനറല്‍ മാനേജര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചു.

റെയില്‍വേ റിക്രൂട്ടിങ് ഏജന്‍സികള്‍ നടത്തുന്ന ഓപ്പണ്‍ മാര്‍ക്കറ്റ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ 4 വര്‍ഷത്തെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കിയ അഗ്നിവീരന്മാരില്‍നിന്ന് 250 രൂപ മാത്രമേ അപേക്ഷ ഫീസായി ഈടാക്കുകയുള്ളു. എഴുത്തുപരീക്ഷയില്‍ ഹാജരായാല്‍ ഈ തുക തിരിച്ചുനല്‍കും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരുകളും അഗ്നിവീര്‍ സൈനികര്‍ക്ക് ജോലിസംവരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനികസേവന പദ്ധതിയാണ് അഗ്നിപഥ്. ശമ്പളത്തോടുകൂടിയ പരിശീലന പദ്ധതിയാണ് അഗ്‌നിപഥ്. നാലു വര്‍ഷം കൊണ്ട് ഏകദേശം 25 ലക്ഷം രൂപ സൈനിക പരിശീലനത്തിനെത്തുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്നു. വളരെ ചെറിയ പ്രായത്തില്‍ ഇത്രയും പ്രതിഫലം ലഭിക്കുന്നത് ശ്രദ്ധേയമാണ്. സേവനസമയത്ത് ആഹാരം, പാര്‍പ്പിടം, ഭക്ഷണം, വൈദ്യസഹായം, അപകട ഇന്‍ഷുറന്‍സ് എന്നിവ തികച്ചും സൗജന്യമാണ്. വര്‍ഷത്തില്‍ 2 മാസം ശമ്പളത്തോട് കൂടിയ അവധിയുമുണ്ട്. സേവനകാലത്ത് അംഗവൈകല്യം സംഭവിച്ചാല്‍ 2 മുതല്‍ 44 ലക്ഷം വരെ സഹായവും ലഭ്യമാക്കും.

Related Articles

Back to top button