KeralaLatest

കേരളത്തിന്റെ പദ്ധതികളില്‍ താല്‍പ്പര്യമറിയിച്ച് ലോകബാങ്ക്

“Manju”

2050-ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളില്‍ താല്‍പര്യമറിച്ച് ലോകബാങ്ക് പ്രതിനിധികള്‍. മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദീര്‍ഘവീക്ഷണത്തോടെ കേരളം നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്ന വിവിധ പദ്ധതികളില്‍ സഹകരണ സാധ്യതകള്‍ ആരായും എന്ന് ലോകബാങ്ക് പ്രതിനിധികള്‍ ഉറപ്പ് നല്‍കിയത്. ഫ്‌ലോട്ടിംഗ് സോളാര്‍ പവര്‍ പ്ലാന്റുകളിലൂടെ വൈദ്യുതി ഉല്‍പ്പാദനം, കൊച്ചിയിലും വിഴിഞ്ഞത്തും ഗ്രീന്‍ ഹൈഡ്രജന്‍ വാലികള്‍ സ്ഥാപിക്കല്‍, കൊച്ചിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനഉപഭോഗകയറ്റുമതി കേന്ദ്രം സ്ഥാപിക്കല്‍, ലിഥിയം ടൈറ്റനേറ്റ് ഓക്‌സൈഡ്, ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള ബാറ്ററി, ഇലക്ട്രിക് ഡ്രൈവ്, ബിഎംഎസ് സിസ്റ്റം, ഗ്രാഫീന്‍ പാര്‍ക്ക് എന്നിവ വികസിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് വാഹന പാര്‍ക്ക്, ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ അധിഷ്ഠിത വാഹനങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഇമൊബിലിറ്റി സ്വീകരിക്കുന്നത് തുടങ്ങി ആറ് മുന്‍ഗണനാ പദ്ധതികളില്‍ ആണ് ലോകബാങ്ക് താല്‍പര്യമറിച്ചിരിക്കുന്നത്.

ലോക ബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റി റ്റാനോ കൊയ്‌മെ എന്നീവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പദ്ധതികളില്‍ ലോക ബാങ്ക് സംഘം താത്പര്യം പ്രകടിപ്പിക്കുകയും പ്രസ്തുത മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് സാധ്യതകള്‍ പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികള്‍ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലുണ്ടായിരുന്നു. ലോകബാങ്കുമായുള്ള സംസ്ഥാന പങ്കാളിത്ത ചട്ടക്കൂടിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള വിവിധ പരിപാടികള്‍/ പ്രോജക്ടുകള്‍, തുടര്‍പരിപാടികള്‍ എന്നിവ സംഘം വിലയിരുത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സന്ദര്‍ശിച്ചു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുഖ്യ പദ്ധതികളില്‍ ഒന്നായ എ.സി (ആലപ്പുഴചങ്ങനാശ്ശേരി) റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ലോക ബാങ്ക് സംഘം വിലയിരുത്തി. തുടന്ന് എ.സി റോഡ് നിര്‍മാണ പ്രവൃത്തികള്‍ സംഘം നേരിട്ടു കണ്ടു. ചങ്ങനാശ്ശേരി പെരുന്നയിലെ പദ്ധതി യാര്‍ഡും അവിടത്തെ ലേബര്‍ ക്യാമ്പും സന്ദര്‍ശിച്ചു. ഇവിടുത്തെ തൊഴിലാളികളുമായും സംവദിക്കുന്നതിനും സംഘം സമയം കണ്ടെത്തി.

ലോകബാങ്ക് സംഘം നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി, വൈദ്യുതി മന്ത്രി, ആരോഗ്യമന്ത്രി, കൃഷിവകുപ്പ് മന്ത്രി എന്നിവരും ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം സര്‍ക്കാര്‍ വരുംവര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളുടെ അവതരണം നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി ലോകബാങ്ക് വൈസ് പ്രസിഡന്റ്, കണ്‍ട്രി ഡയറക്ടര്‍ എന്നിവര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.

Related Articles

Back to top button