KannurKeralaLatest

കവിഞ്ഞൊഴുകുന്ന അത്ഭുതകുഴല്‍ക്കിണർ

“Manju”

കണ്ണൂര്‍: നൂറ്റിനാല്‍പ്പത് അടി ആഴമുള്ള ഈ കുഴല്‍ക്കിണര്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. വേനലിലും വര്‍ഷത്തിലും ജലപ്രവാഹം.
ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്. മാലൂര്‍ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സി.പി.ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലാണ് ഈ അല്‍ഭുത കുഴല്‍ക്കിണര്‍. കൃഷി ആവശ്യത്തിന് മുപ്പതിനായിരം രൂപ മുടക്കി 2016 ഏപ്രിലിലാണ് കിണര്‍ കുത്തിയത്.
അന്നു മുതല്‍ വെള്ളം കിണറിനു ചുറ്റും പരന്നൊഴുകാന്‍ തുടങ്ങി. വെള്ളം പാഴാകാതെ തടംകെട്ടി നിര്‍ത്തി ഹോസ് ഇട്ട് നാട്ടുകാര്‍ കൊണ്ടുപോകാന്‍ തുടങ്ങി. ഒരു വര്‍ഷം മുന്‍പ് കുഴല്‍ക്കിണറിന് താഴെയായി വലിയൊരു ജല സംഭരണി നിര്‍മ്മിച്ചു. നാല്‍പ്പതിനായിരം രൂപ ചിലവായി. പണം നാട്ടുകാര്‍ തന്നെയാണ് സ്വരൂപിച്ചത്. ഇതിലേക്ക് വലിയ പൈപ്പിലൂടെ എത്തുന്ന വെള്ളം ചെറിയ ഹോസുകള്‍ വഴി ഓരോ വീട്ടുകാരും എടുക്കുകയാണിപ്പോള്‍. സംഭരണിയില്‍ വന്ന് വെള്ളം കോരി കൊണ്ടു പോകുന്നവരും ഉണ്ട്.
ഏഴ് വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിനാളുകള്‍ ഈ അത്ഭുത ജലപ്രവാഹം കാണാന്‍ ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെത്തി. കുഴല്‍ക്കിണറും പരിസരവും ചന്ദ്രശേഖരന്‍ നായരുടെ മകന്‍ പ്രദീപന്‍ നിര്‍മ്മിച്ച ശില്പങ്ങളാലും ചെടികള്‍ നട്ടും മനോഹരമാക്കിയിട്ടുണ്ട്.
ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ജലപ്രവാഹം വര്‍ഷങ്ങളോളം തുടരാമെന്നാണ് നിഗമനം. ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ജലശേഖരത്തിലേക്കാവാം കിണര്‍ കുഴിച്ചെത്തിയതെന്നാണ് കരുതുന്നത്. അതേ രേഖയില്‍ മറ്റൊരു കിണര്‍ കുഴിച്ചാലും ഇതുപോലെ പ്രവാഹമുണ്ടാകാമെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button