KeralaLatest

ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം: മന്ത്രി പി രാജീവ്

“Manju”

കൊച്ചി : ജനങ്ങളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുമ്ബോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി.രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിനും ചട്ടത്തിനും അകത്തു നിന്ന് പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നു പരിശോധിക്കണം. പരാതിയുമായി എത്തുന്നവരെ സംശയത്തിന്റെ കണ്ണട വെച്ചല്ല വിശ്വാസത്തിന്റെ കണ്ണട വെച്ചാണ് നോക്കേണ്ടത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന യാഥാര്‍ഥ്യം മനസിലാക്കണം. അദാലത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള മന്ത്രിമാര്‍ക്ക് എല്ലാ വകുപ്പുകളുടെയും പരാതികള്‍ പരിഹരിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ന്യായമായ പരിഹാരം സമയബന്ധിതമായി ലഭ്യമാക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. പ്രസാദ് പറഞ്ഞു. അദാലത്തില്‍ പരിഗണിക്കുന്ന പരാതികളിന്മേല്‍ കൃത്യമായ തുടര്‍നടപടികളുണ്ടാകും. ഇതിനായി പ്രത്യേക വിംഗും ചുമതലക്കാരും കളക്ടറേറ്റിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കണയന്നൂര്‍ താലൂക്കില്‍ ആകെ 293 പരാതികളാണ് പരിഗണിക്കുന്നത്. ഉദ്ഘാടന യോഗത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍എസ് കെ ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍, സബ് കളക്ടര്‍ പി. വിഷ്ണു രാജ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. അനില്‍കുമാര്‍, എസ്. ബിന്ദു, ഹുസൂര്‍ ശിരസ്തദാര്‍ കെ. അനില്‍ കുമാര്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button