KeralaLatest

ഗള്‍ഫില്‍ നിന്ന് രാത്രി വീട്ടിലെത്തിയ ആള്‍ ഇന്ന് രാവിലെ കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

“Manju”

ഗള്‍ഫില്‍ നിന്ന് സാമുവല്‍ ഇന്നലെ രാത്രി വീട്ടിലെത്തി, ഇന്ന് രാവിലെ കൊല്ലപ്പെട്ടു

അഞ്ചല്‍: ഇന്നലെ രാത്രിയാണ് ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞാല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസും (64) ഭാര്യയും ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. രാവിലെ അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സാമുവല്‍ വര്‍ഗീസ് കൊല്ലപ്പെട്ടുമകളുടെ പ്രസവ ശുശ്രൂഷക്കായി കഴിഞ്ഞ മൂന്ന് മാസമായി സാമുവല്‍ വര്‍ഗീസും ഭാര്യയും ഗള്‍ഫിലായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരും നാട്ടിലെത്തിയത്. രാവിലെ വീട്ടിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തിലാണ് കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടത്. റബര്‍ ടാപ്പിങ് നടത്തുന്നയാള്‍ കാട്ടുപന്നിയാണെന്ന് ധരിച്ച്‌ വിരട്ടിയോടിക്കാന്‍ സാമുവല്‍ വര്‍ഗീസിന്റെ സഹായം തേടി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് ഇരുവര്‍ക്കും നേരെ പാഞ്ഞടുത്തത്.

ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സാമുവല്‍ വര്‍ഗീസിനെ പോത്ത് ആക്രമിച്ചു. ഈ സമയം പ്രാണരക്ഷാര്‍ത്ഥം റബര്‍ മരത്തില്‍ കയറിയതിനാല്‍ ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടു. സാമുവലിനെ പിന്നില്‍ നിന്നാണ് കാട്ടുപോത്ത് കുത്തിയത്. പരിസരവാസികള്‍ ഓടിയെത്തി ഗുരുതര പരിക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാമുവലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

രാവിലെ കോട്ടയം എരുമേലിയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), പുന്നത്തറയില്‍ തോമസിന് (60) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീടില്‍ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

തുടര്‍ന്ന് തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്.

കോട്ടയത്ത് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ധനസഹായത്തിന്റെ ആദ്യ ഗഡു നാളെ തന്നെ നല്‍കും. ഇനിയും കാട്ടുപോത്ത് ജനവാസ മേഖലയില്‍ ഇറങ്ങുകയാണെങ്കില്‍ വെടിവെക്കുമെന്നും കലകട്ര്‍ വ്യക്തമാക്കി.

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാന്‍ എ.ഡി.എം, സി.എഫ്., എം.പി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാട്ടുപോത്തിനെ കണ്ടെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും വെടിവെക്കാനുമാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.

ജനവാസമേഖലയില്‍ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എരുമേലിപമ്ബ റോഡ് പ്രദേശവാസികള്‍ ഉപരോധിച്ചു. താല്‍കാലിക പരിഹാരമല്ലാതെ ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

 

Related Articles

Back to top button