IndiaLatest

ഭൂമിയുടെ സ്ഥാനം അന്യഗ്രഹജീവികള്‍ കണ്ടെത്തും

“Manju”

മനുഷ്യരും ഭൂമിയും എവിടെയാണെന്ന് കണ്ടെത്താൻ അന്യഗ്രഹജീവികള്‍ക്ക് 5ജിയിലൂടെ കഴിയുമെന്ന് പുതിയ പഠനം. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയ്‌ക്ക് ഭൂമിയുമായും മനുഷ്യനുമായും ബന്ധം സ്ഥാപിക്കാനുള്ള സാധ്യത 5ജി കാരണം വര്‍ദ്ധിക്കുമെന്നാണ് മംത്ലി നോട്ടീസസ് ഓഫ് ദ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും സാറ്റലൈറ്റ് കണക്റ്റിവിറ്റിക്കുമായി ഉപയോഗിക്കുന്ന 5G സാങ്കേതികവിദ്യ അന്യഗ്രഹ ജീവികള്‍ക്ക് മനുഷ്യരാശിയുമായുള്ള സമ്ബര്‍ക്കത്തിലേക്ക് നയിക്കാൻ സഹായിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. കേബിള്‍ ടിവിയുടേയും ഇന്റര്‍നെറ്റിന്റേയും കാലത്ത് ഭൂമിയില്‍ നിന്നും പുറത്തേക്കെത്തുന്ന റേഡിയേഷനില്‍ വലിയ പങ്കും ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 1990-കളോടെ മൊബൈല്‍ സാങ്കേതികവിദ്യ വികസിച്ചു തുടങ്ങി. ഇതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. മനുഷ്യ നിര്‍മിതമായ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുകയും അതിവേഗം വികസിക്കുന്ന ഏറ്റവും വലിയ സംവിധാനമായി മൊബൈല്‍ സാങ്കേതികവിദ്യ മാറുകയും ചെയ്തുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റാമിറോ സെയ്‌ദേ പറഞ്ഞു.

എന്നാല്‍ മൊബൈല്‍ സാങ്കേതികവിദ്യ വഴി പുറത്തുപോവുന്ന റേഡിയോ സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് വഴികാട്ടിയാവാനിടയുണ്ടെന്ന വിഷയത്തില്‍ കാര്യമായ പഠനങ്ങള്‍ നേരത്തെ നടന്നിട്ടില്ല. നമ്മുടെ ക്ഷീരപഥത്തില്‍ ഭൂമിക്ക് സാധിച്ചതിനേക്കാള്‍ സാങ്കേതികവിദ്യ വികസിച്ച മറ്റൊരു അന്യഗ്രഹ സമൂഹമുണ്ടെങ്കില്‍ നമ്മുടെ റേഡിയോ സിഗ്നലുകള്‍ അവര്‍ ഭാവിയില്‍ കണ്ടെത്താനിടയുണ്ടെന്നാണ് പഠനം വ്യക്തമാകുന്നത്. നമുക്കുള്ളതിനേക്കാള്‍ വികസിതമായ റേഡിയോ ടെലസ്‌കോപ്പുകള്‍ കൈവശമുള്ള ഏതെങ്കിലും അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവര്‍ക്ക് ഭൂമിയില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവും.

എങ്കിലും ഭൂമിയില്‍ നിന്നും പത്തു പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ദൂരത്തേക്ക് ഈ റേഡിയോ സിഗ്നലുകള്‍ എത്തിപ്പെടുക അത്ര എളുപ്പമല്ല. എന്നിരുന്നാലും ഭൂമിയില്‍ നിന്ന് പുറത്തുവരുന്ന റേഡിയോ സിഗ്നലുകള്‍ ഭാവിയില്‍ വര്‍ധിക്കുമെന്നതിനാല്‍ അന്യഗ്രഹജീവികള്‍ ഭൂമിയെ കണ്ടെത്താന്‍ ഇത് കാരണമായേക്കാമെന്നാണ് പറയുന്നത്. ഭൂമിയിലുള്ളവര്‍ എത്രത്തോളം സാങ്കേതികമായി പുരോഗമിച്ചവരാണ് എന്നതടക്കമുള്ള വിവരങ്ങളും അന്യഗ്രഹജീവികള്‍ക്ക് ഇതുവഴി മനസിലാക്കാൻ സാധിച്ചേക്കും.

Related Articles

Back to top button