InternationalLatest

ഫൈറ്റർ ജെറ്റ് എൻജിൻ ഇന്ത്യയിൽ നിർമിക്കും

“Manju”

വാഷിങ്ടൻ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഫൈറ്റർ ജെറ്റ് എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാൻ ധാരണാപത്രത്തില്‍ ഒപ്പിട്ട് യുഎസ് ഭീമൻ ജനറൽ ഇലക്ട്രിക് എയ്റോസ്‌പേസ് (ജിഇ). മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ജിഇ എയ്‍റോസ്‍പേസ്, ഫൈറ്റർ ജെറ്റ് എൻജിനുകൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സുമായി (എച്ച്എഎൽ) സഹകരിച്ച് നിർമിക്കുക. വ്യോമസേനയുടെ ചെറുവിമാനം എംകെ2 പദ്ധതിയുടെ ഭാഗമായാണ് കരാർ. എഫ്414 എൻജിനുകളാകും നിർമിക്കുക.

ഇതാകും ഇന്ത്യയുടെ തദ്ദേശ നിർമിത തേജസ് എംകെ2വിന് കരുത്ത് പകരുക. ഇന്ത്യൻ പ്രതിരോധ രംഗത്തെ നാഴികക്കല്ലാണ് ധാരണാപത്രം എന്നാണു വിലയിരുത്തൽ. ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധരംഗത്തെ പ്രവർത്തനം ദൃഢമാക്കുവാനും ധാരണാപത്രം സഹായിക്കും. ഇതിന് പുറമെ ജെറ്റ് എൻജിൻ നിർമാണ സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് ലഭിക്കും. ഇത് നടപ്പാക്കുന്നതിനായി യുഎസ് സർക്കാരിന്റെ കയറ്റുമതി അനുമതി ജിഇക്ക് ലഭിക്കേണ്ടതുണ്ട്.

‘‘ഇന്ത്യയും എച്ച്എഎല്ലുമായി നാളുകളായുള്ള ബന്ധത്തിന്റെ ഭാഗമായാണ് ധാരണാപത്രം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കാഴ്ചപ്പാടിൽ, ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ സുപ്രധാനപങ്ക് വഹിക്കാനാകുന്നതിൽ സന്തോഷമുണ്ട്. പുതിയ ധാരണാപത്രം ഇരു രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷ, വ്യാപാര ബന്ധം ശക്തമാക്കും. സൈനിക ആവശ്യങ്ങൾക്കായി ഉന്നതഗുണനിലവാരമുള്ള എൻജിനുകളാണ് നിർമിക്കുക’’ – ജിഇ എയ്റോസ്‌പേസ് സിഇഒ എച്ച്.ലോറൻസ് കൾപ് ജൂനിയർ പറഞ്ഞു. നാലുദശാബ്ദങ്ങളായി വിവിധ പ്രവർത്തനങ്ങളുമായി ജിഇ എയ്‌റോസ്‌പേസ് ഇന്ത്യയിൽ സജീവമാണ്.

Related Articles

Back to top button