IndiaLatest

നന്ദിനി പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണം

“Manju”

ബംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ (കെഎംഎഫ്). നന്ദിനി പാലിന്റെ വില രണ്ട് രൂപ കൂട്ടി ഒരു വര്‍ഷം പോലും കഴിയും മുമ്പാണ് വീണ്ടും കെഎംഎഫ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, പാല്‍ വില അഞ്ച് രൂപ കൂട്ടണമെന്നുള്ള കെഎംഎഫിന്റെ ആവശ്യം കര്‍ണാടകയില്‍ ഭരണത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തള്ളിയിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ രണ്ട് രൂപ കൂട്ടാനുള്ള അനുമതി നല്‍കുകയായിരുന്നു.

കുത്തനെ ഉയര്‍ന്ന ചെലവ് കാരണം നട്ടംതിരിയുന്ന കര്‍ഷകരെയും പാല്‍ സംഭരണം ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് വര്‍ധനവ് ആവശ്യപ്പെട്ട ജില്ലാ പാല്‍ യൂണിയനുകളെയും ഈ വര്‍ധന തൃപ്തിപ്പെടുത്തിയിരുന്നില്ല. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്. വില വര്‍ധിപ്പിക്കാൻ ഫെഡറേഷനില്‍, യൂണിയനുകളുടെയും കര്‍ഷകരുടെയും സമ്മര്‍ദ്ദമുണ്ടെന്ന് ജൂണ്‍ 21 ന് കെഎംഎഫ് ചെയര്‍മാനായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ കെഎംഎഫ് ഈ ആവശ്യം ഉന്നയിക്കും. വരും ദിവസങ്ങളില്‍ സ്വകാര്യ ഡയറികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സംഭരണച്ചെലവ് കെഎംഎഫ് നല്‍കും. കന്നുകാലികള്‍ക്ക് ത്വക്ക് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് പാല്‍ ഉത്പാദനം കുറഞ്ഞ അവസ്ഥയാണ്. എന്നാല്‍, ഉത്പാദനം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സഹകരണ മന്ത്രി കെ എൻ രാജണ്ണ പാല്‍ വില വര്‍ധിച്ചേക്കുമെന്ന സൂചനകള്‍ നല്‍കി.

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ശേഷം ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കര്‍ണാടകയില്‍ ഏകദേശം 87 ലക്ഷം ലിറ്റര്‍ പാലാണ് കെഎംഎഫ് പ്രതിദിനം സംഭരിക്കുന്നത്. കര്‍ഷകര്‍ക്ക് ശരാശരി സംഭരണ വില ലിറ്ററിന് ഏകദേശം 33 രൂപയാണ് നല്‍കുന്നത്. കര്‍ഷകരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ വെള്ളത്തിന് പണം നല്‍കുമ്പോള്‍ എന്തുകൊണ്ട് അവര്‍ക്ക് പാലിന് കൂടുതല്‍ പണം നല്‍കിക്കൂടാ? ലാഭത്തിന്റെ 90 ശതമാനം കര്‍ഷകര്‍ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button