KeralaLatest

കോട്ടുവായ അമിതമാണോ ‍? ഒന്ന് ശ്രദ്ധിച്ചോളൂ

“Manju”

ക്ഷീണം, വിരസത, ഉറക്കം വരുമ്ബോള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ കോട്ടുവായ ഇടുന്നത് പതിവാണ്. അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കുന്നതിനായി കോട്ടുവായ ഇടുന്നത് ഒരു പരിധി വരെ സഹായകമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമേ കോട്ടുവായ ഇടുന്നത് ചെവിയിലെ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനും സഹായകമാണ്. ഓരോ വ്യക്തിയും ദിവസവും അഞ്ച് മുതല്‍ 19 വരെ ഇത്തരത്തില്‍ കോട്ടുവായ ഇടാറുണ്ടെന്നാണ് കണക്ക്. ദിവസവും 100 കോട്ടുവായ വരെ ഇടുന്നവര്‍ ഉണ്ടെന്ന കണക്കുകളും മുമ്ബ് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ അമിതമായാല്‍ കോട്ടുവായയും ആപത്താണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അനുസരിച്ച്‌ 15 മിനിറ്റിനുള്ളില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുകയാണെങ്കില്‍ ഇത്തരത്തിലുള്ള ലളിതമായ ശാരീരിക പ്രതികരണം ചില ആരോഗ്യ പ്രശ്‌നങ്ങളെയാകും സൂചിപ്പിക്കുന്നത്. അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകുന്ന ഒബ്‌സ്ട്രക്ടീവ് സ്ലീപ് എപ്നിയ പോലെയുള്ള ഒരു സ്ലീപ് ഡിസോഡറിന്റെ ലക്ഷണമാകാനും സാദ്ധ്യതയുണ്ട്.
സ്ലീപ്പ് അപ്നിയ അല്ലെങ്കില്‍ ഉറക്കമില്ലായ്മ
അമിതമായ കോട്ടുവായയ്‌ക്ക് പുറമേ ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കക്കുറവ്. സ്ലീപ് അപ്നിയ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ ഉറക്കക്കുറവ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ശ്വാസോച്ഛ്വാസം ആവര്‍ത്തിച്ച്‌ നിര്‍ത്തുകയും ആരംഭിക്കുകയും ചെയ്യുന്ന ഗുരുതരമായ ഉറക്ക തകരാറാണ് സ്ലീപ്പ് അപ്നിയ എന്ന് പറയപ്പെടുന്നത്. ഉറക്കെ കൂര്‍ക്കം വലിച്ച്‌ ഉറങ്ങുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്താല്‍ ഇത് സ്ലീപ് അപ്നിയ എന്ന ആരോഗ്യപ്രശ്‌നമായിരിക്കാം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാത്രിയില്‍ ശരിയായി ഉറങ്ങാൻ സാധിക്കാതിരിക്കുകയും തൊട്ടടുത്ത ദിവസം വളരെ ക്ഷീണം അനുഭവപ്പെടുകയും കൂടുതല്‍ കോട്ടുവായ ഇടുകയും ചെയ്യും. പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നവരിലും കോട്ടുവായ കൂടുതലായി ഉണ്ടാകാറുണ്ട് എന്നതും സാധാരണമാണ്.
മെഡിക്കേഷൻ
മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും കോട്ടുവായ ഇടല്‍ കൂടുതലായി കാണാറുണ്ട്. ചില മരുന്നുകള്‍ ക്ഷീണവും മയക്കവും ഉണ്ടാക്കുന്നവയായതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിവെക്കും. അലര്‍ജി മരുന്നുകള്‍, ആന്റീ ഡിപ്രസന്റ്സ്, വേദനസംഹാരികള്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരില്‍ ഇടക്കിടെ കോട്ടുവായ ഉണ്ടാകുന്നത് പതിവാണ്. കോട്ടുവായ ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല ലക്ഷണമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ കോട്ടുവായ ഇടുന്നത് കൂടുതലായിരിക്കും. അമിതമായ കോട്ടുവായ അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതം.
ബ്രെയിൻ ഡിസോര്‍ഡര്‍
അമിതമായ കോട്ടുവായ ബ്രെയിൻ ഡിസോര്‍ഡറിന്റെ സൂചനയായിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പാര്‍ക്കിൻസണ്‍സ് രോഗം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, മൈഗ്രെയ്ൻ തലവേദന തുടങ്ങിയ അവസ്ഥകള്‍ അമിതമായ കോട്ടുവായക്ക് കാരണമാകും.
ഉത്കണ്ഠ അല്ലെങ്കില്‍ സമ്മര്‍ദ്ദം
ആശങ്കകള്‍ വളരെയധികം ഉള്ളവരില്‍ കോട്ടുവാ ഇടുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് ശ്വസനവ്യവസ്ഥയെയും ഹൃദയത്തെയും പ്രതികൂലമായി ബാധിക്കും. ഉത്കണ്ഠയോ സമ്മര്‍ദ്ദമോ അനുഭവപ്പെടുമ്ബോള്‍ കോട്ടുവായ വിടുന്നത് പിരിമുറുക്കത്തെ നേരിടാനുള്ള ഒരു മാര്‍ഗമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഹൃദയാഘാതം
പലപ്പോഴും കോട്ടുവായ ഹൃദയാഘാതത്തിന്റെ ലക്ഷണമായും കണക്കാക്കാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അധികം കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവത്തെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതാകാം. പലപ്പോഴും പ്രമേഹരോഗികളില്‍ അമിതമായി കോട്ടുവാ ഇടുന്നത് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയുടെ പ്രാഥമിക സൂചനയായിരിക്കാം എന്നും പറയപ്പെടുന്നു. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമല്ലെന്നും അതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നും പറയുന്നു. കൂടാതെ ബ്രെയിൻ ട്യൂമര്‍ ഉള്ള ആളുകളില്‍ കോട്ടുവാ അധികമായി ഉണ്ടാകാറുണ്ട്.
കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് കോട്ടുവായ എന്നും പറയപ്പെടുന്നു. ക്ഷീണവും തളര്‍ച്ചയും ഇവരില്‍ കൂടുതലായിരിക്കും.

Related Articles

Back to top button