KeralaLatest

പല വ്യാപാരികളും പച്ചക്കറി വാങ്ങുന്നത് കുറച്ചു

“Manju”

നല്ല ആരോഗ്യത്തിന് നിര്‍ബന്ധമായും പച്ചക്കറികള്‍ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയും. പറഞ്ഞിട്ടെന്താ പച്ചക്കറി തീവില കാരണം സാധാരണക്കാര്‍ക്ക് ആവശ്യത്തിന് പോയിട്ട് പച്ചക്കറി സ്വപ്നം കാണാൻ പോലും കഴിയാത്ത സ്ഥിതിയാണ്. അസാധാരണമായ വിലക്കയറ്റം കാരണം താഴെത്തട്ടിലുള്ളവരുടേയും ഇടത്തട്ടിലുള്ളവരുടേയും ജീവിത നിലവാരം കുത്തനെ താഴുകയാണ്. തക്കാളിയുടേയും ഇഞ്ചിയുടേയും വില റെക്കോര്‍ഡിലെത്തി. ഇതോടെ, പല ചെറുകിട വ്യാപാരികളും തക്കാളിയും ഇഞ്ചിയും വാങ്ങുന്നതും നിര്‍ത്തി. ഒരുകിലോ ഇഞ്ചിയ്ക്ക് വിപണിയില്‍ 200ന് മുകളിലാണ് വില.

മിക്ക ഇടങ്ങളിലും തക്കാളിയ്ക്ക് 100 മുതല്‍ 140 വരെയാണ് വില ഈടാക്കുന്നത്. തക്കാളി വിലയില്‍ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 300 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേസമയം തക്കാളി വില 24.68 രൂപയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉപഭോക്തൃകാര്യ വിഭാഗം വെബ്‌സൈറ്റില്‍ കിലോയ്ക്ക് 114.72 രൂപയായിരുന്നു ശരാശരി വില. പരമാവധി വിലയാകട്ടെ 224 രൂപയും. പ്രധാന തക്കാളി ഉല്പാദക സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണമാണ് വില കുതിച്ചുയര്‍ന്നതെന്ന് അധികൃതര്‍ പറയുന്നു. രാജ്യത്ത് ചിലയിടങ്ങളില്‍ തക്കാളി വില കിലോയ്ക്ക് 200ന് മുകളിലാണ്. തക്കാളി സംരക്ഷിക്കാൻ ചിലയിടത്ത് വ്യാപാരികള്‍ കാവല്‍ക്കാരെ നിറുത്തിയത് വാര്‍ത്തയായിരുന്നു.

മഴ കാരണം ചെറിയ ഉള്ളി വേഗത്തില്‍ ചീഞ്ഞ് പോകാൻ തുടങ്ങിയതോടെ വില 150ലേക്ക് കുതിച്ചു. വെളുത്തുള്ളി കിലോയ്ക്ക് 200ന് അടുത്തെത്തി. നല്ലയിനം അരി വേണമെങ്കില്‍ ഒരു കിലോയ്ക്ക് 45 രൂപയിലേറെ നല്‍കണം. ജീരകം മൊത്ത വിപണിയില്‍ 600 രൂപയായിരുന്നത് 650 വരെയായി. ചില്ലറ വിപണിയില്‍ 900 രൂപ വരെയാണ് വില. പെരുംജീരകത്തിന് മൂന്നാഴ്ച കൊണ്ട് 350 രൂപയായി ഉയര്‍ന്നു. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 400 രൂപയിലധികമാണ് വില. ചുരുക്കി പറഞ്ഞാല്‍ വയര്‍ നിറയ്ക്കണമെങ്കില്‍ കീശ മൊത്തം കാലിയാകുന്ന അവസ്ഥ. 40 രൂപയ്ക്ക് വയറ് നിറയെ ഊണും കറികളും ലഭിച്ച കാലവും ഇതോടെ പഴങ്കഥയാവുകയാണ്.
തമിഴ്നാട്ടിലും കര്‍ണാടകയിലും പച്ചക്കറികള്‍ വിളവെടുപ്പിന് പാകമാവാൻ ഒരുമാസം കൂടി കാത്തിരിക്കണം. ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമാകാൻ അതുവരെ കാത്തിരുന്നേ മതിയാകൂ. ഇന്ധനവില രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. അതിനാല്‍ത്തന്നെ, വലിയ മാര്‍ക്കറ്റുകളില്‍ നിന്ന് ചെറുകിട മാര്‍ക്കറ്റുകളിലേക്കുള്ള ചരക്ക് കടത്തിന് ചെലവേറിയത് ഇതിനെല്ലാം പുറമേയാണ്.

വിലക്കയറ്റം സംസ്ഥാനത്തെ ഹോട്ടല്‍-റസ്‌റ്റോറന്റ് വ്യവസായത്തിന്റെയും നടുവാടിക്കുന്നുവെന്ന് പറയാതെ വയ്യ. ചെറുകിട റസ്‌റ്റോറന്റ് ഉപജീവനം നടത്തുന്ന നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. വലിയ വില കൊടുത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനാവാതെ വിലക്കയറ്റത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ് ഇവരില്‍ വലിയൊരു വിഭാഗവും. വില കൂടിയാല്‍ കച്ചവടം കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. 10 മുതല്‍ 20 ശതമാനം വരെ വില കൂട്ടിയില്ലെങ്കില്‍ പിടിച്ച്‌ നില്‍ക്കാൻ കഴിയില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ഹോട്ടലുടമകള്‍ വില കൂട്ടുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരാണ്. തെങ്കാശിയിലെ കര്‍ഷക സംഘടനകളുടെ സഹായത്തോടെ നിലവില്‍ ഹോര്‍ട്ടികോര്‍പ്പ് വില്‍പ്പനശാലകളിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്നുണ്ട്. കേരളത്തില്‍ വില കൂടുതലുള്ള പച്ചക്കറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിച്ചും കുറഞ്ഞ് വിലയ്ക്ക് സംസ്ഥാനത്ത് വില്‍ക്കാനും കൃഷി വകുപ്പ് ആലോചിക്കുന്നുണ്ട്.

പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെ കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ സബ്സിഡിയോടെ ആരംഭിച്ച ഇവിടെ ഊണിന് സര്‍ക്കാര്‍ നിശ്ചയിച്ച സബ്സിഡി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇതിനൊപ്പം വിലക്കയറ്റം കൂടിയായതോടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ പാടുപെടുകയാണിവര്‍. 20 രൂപയ്ക്ക് ചോറും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടുന്നതാണ് ഉച്ചഭക്ഷണം. 10 രൂപ സര്‍ക്കാര്‍ സബ്സിഡിയായി കുടുംബശ്രീക്ക് നല്‍കും. പച്ചക്കറിക്ക് വില വര്‍ദ്ധിച്ചതോടെ കറികളില്‍ പപ്പായ, വാഴച്ചുണ്ട്, എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുകയാണെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. പച്ചക്കറി വാങ്ങിയ കടകളില്‍ നല്‍കേണ്ട തുക പലയിടത്തും കുടിശ്ശികയാണ്. സര്‍ക്കാര്‍ സബ്സിഡി തുക മുടക്കമില്ലാതെ ലഭിച്ചില്ലെങ്കില്‍ കടുത്ത ബുദ്ധിമുട്ട് നേരിടുമെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

Related Articles

Back to top button