IndiaLatest

അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

ന്യൂഡൽഹി; 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടാം അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം (അഖില ഭാരതീയ ശിക്ഷാ സമാഗം) 29ന് ന്യൂഡൽഹി പ്രഗതി മൈതാനത്തെ ഐടിപിഒയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയവും നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവും ചേർന്നാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ വിവിധ സംരംഭങ്ങൾക്കു പ്രധാനമന്ത്രി തുടക്കം കുറിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, വിദ്യാഭ്യാസ സഹമന്ത്രിമാരായ ഡോ.സുഭാഷ് സർക്കാർ, ഡോ രാജ്കുമാർ രഞ്ജൻ സിംഗ്, അന്നപൂർണ്ണാ ദേവി, സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരതാ സെക്രട്ടറി സഞ്ജയ് കുമാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.സഞ്ജയ് മൂർത്തി, നൈപുണ്യ വികസന- സംരംഭകത്വ മന്ത്രാലയ സെക്രട്ടറി അതുൽ കുമാർ തിവാരി, സ്വയംഭരണ സ്ഥാപന മേധാവികൾ, വിദ്യാഭ്യാസ-നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

എൻഇപി 2020 നടപ്പാക്കുന്നതിലെ ഉൾക്കാഴ്ചകൾ, തന്ത്രങ്ങൾ, വിജയഗാഥകൾ, മികച്ച സമ്പ്രദായങ്ങൾ എന്നിവ ചർച്ച ചെയ്യാനും പങ്കിടാനും സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൈപുണ്യ സ്ഥാപനങ്ങൾ എന്നിവയിലെ വിദഗ്ധർക്ക് സമ്മേളനം വേദിയൊരുക്കും.

ജൂലൈ 29നും 30നും നടക്കുന്ന പരിപാടിയിൽ പതിനാറ് സെഷനുകൾ ഉൾപ്പെടുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കും നിർവഹണത്തിലേക്കുമുള്ള പ്രവേശനം, തുല്യവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസം, സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (എസ്ഇഡിജി) പ്രശ്നങ്ങൾ, ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ചട്ടക്കൂട് (എൻഐആർഎഫ്), ഇന്ത്യൻ വിജ്ഞാന സമ്പ്രദായം, വിദ്യാഭ്യാസവും ജോലിക്കായുള്ള നൈപുണ്യത്തിന്റെ ഭാവിയും തമ്മിലുള്ള സമന്വയം സൃഷ്ടിക്കൽ, വിദ്യാഭ്യാസത്തിന്റെ അന്തർദേശീയവൽക്കരണം എന്നിവയെക്കുറിച്ചു ചർച്ചകൾ നടക്കും.

വിദ്യാലയം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ ആവാസവ്യവസ്ഥ എന്നിവയിൽ നിന്നുള്ള മികച്ച സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന മൾട്ടിമീഡിയ പ്രദർശനമാണ് ആഘോഷങ്ങളുടെ ആകർഷകമായ മറ്റൊരു ഘടകം. വിദ്യാഭ്യാസം, നൈപുണ്യ മേഖല, വ്യവസായം, പ്രധാന പങ്കാളികൾ എന്നിവയ്‌ക്ക് കീഴിലുള്ള സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് 200 മൾട്ടിമീഡിയ സ്റ്റാളുകൾ ഒരുക്കും. വിദ്യാർഥികളും യുവജന സന്നദ്ധപ്രവർത്തകരും യുവസംഗമത്തിൽ പങ്കെടുക്കുന്നവരുമടക്കം രണ്ട് ദിവസങ്ങളിലായി 2 ലക്ഷത്തിലധികം പേർ പ്രദർശനം സന്ദർശിക്കും.

Related Articles

Back to top button