IndiaLatest

മരുന്നുകള്‍ വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ ക്യൂആര്‍ കോഡ്

“Manju”

കഴിക്കുന്ന ഓരോ മരുന്നിന്റെയും ഗുണനിലവാരം എങ്ങനെ അറിയും എന്നതിനെപ്പറ്റി ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വരും ദിനങ്ങളില്‍ മരുന്നുകള്‍ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ആഗസ്റ്റ് ഒന്ന് മുതല്‍ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. ഈ ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 300 മെഡിസിന്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മരുന്നുകളില്‍ ക്യൂആര്‍ കോഡ് ഏര്‍പ്പെടുത്തും. കാല്‍പോള്‍, ഡോളോ, അലേഗ്ര, മെഫ്താല്‍ സ്പാസ് എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ ഇതിലുള്‍പ്പെടുന്നു.
അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഈ കമ്പനികള്‍ ബാര്‍ കോഡുള്ള മരുന്നുകളുടെ പുതിയ സ്റ്റോക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഈ സംവിധാനത്തിനായി ആപ്പുകളൊന്നും തന്നെ ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല. മരുന്നുകളില്‍ നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരം മരുന്നിന്റെ പാക്കേജിലെ വിവരങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് മനസ്സിലായാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ലഭിച്ച മരുന്ന് വ്യാജമാണെന്നാണ്.

”നിങ്ങളുടെ ഫോണ്‍ ക്യാമറയുപയോഗിച്ചുള്ള ക്യൂആര്‍ കോഡ് സ്‌കാനിംഗിലൂടെ മരുന്നിനെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കും,” ഇന്ത്യയിലെ ഒരു മുന്‍നിര ഫാര്‍മസി കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ” മരുന്നിന്റെ വിവരങ്ങളിലെ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം നിങ്ങള്‍ക്ക് മരുന്ന് നിര്‍മ്മാതാവിനെ അറിയിക്കാം. ഇ-മെയിലിലൂടെയാണ് പരാതി അറിയിക്കേണ്ടത്. അല്ലെങ്കില്‍ മരുന്നിന്റെ പാക്കറ്റില്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച്‌ വിവരം പറയാം,” എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button