InternationalLatest

ലോകത്തെ ഏറ്റവും മാരക മിസൈല്‍, റഷ്യയുടെ സര്‍മത്

“Manju”

മോസ്കോ : റഷ്യൻ മണ്ണില്‍ യുക്രെയിൻ ഡ്രോണ്‍ ആക്രമണങ്ങളിലൂടെ തിരിച്ചടി ശക്തമാക്കുന്നതിനിടെ ആണവായുധങ്ങളെ വഹിക്കാൻ ശേഷിയുള്ള സര്‍മത് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലിനെ ഔദ്യോഗികമായി സൈന്യത്തിന്റെ ഭാഗമാക്കിയതായി റഷ്യ.
റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ തലവൻ യൂറി ബോറിസോവാണ് സര്‍മത് ദൗത്യങ്ങള്‍ക്ക് സജ്ജമായെന്ന് അറിയിച്ചത്. അതേ സമയം, സര്‍മത് മിസൈലിനെ നിലവില്‍ എവിടേക്കാണ് വിന്യസിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തെ ഏറ്റവും മാരക മിസൈലുകളിലൊന്നാണ് സര്‍മതെന്നാണ് നിഗമനം.
‘ സാത്താൻ II ” എന്നറിയപ്പെടുന്ന സര്‍മതിന് ഭൂമിയിലെ ഏത് കോണിലെയും ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച്‌ തകര്‍ക്കാൻ ശേഷിയുണ്ടെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ മുമ്ബ് അവകാശപ്പെട്ടത്. 2016 മുതലാണ് സര്‍മതിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ആണവ പോര്‍മുന വഹിക്കാൻ ശേഷിയുള്ള സര്‍മത് റഷ്യയുടെ ആയുധപ്പുരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷിയുള്ള മിസൈലുകളിലൊന്നാണ്.
ശത്രുക്കളുടെ നിലവിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കുംവിധമാണ് സര്‍മതിന്റെ രൂപകല്പന. 200 ടണ്ണിലേറെ ഭാരമുള്ള ഒന്നിലധികം പോര്‍മുനകളെ വഹിക്കാൻ സര്‍മതിന് കഴിയും. 18,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള സര്‍മതിന് യു.കെയിലും യു.എസിലുമെത്താനാകും. 2009ല്‍ നിര്‍മ്മാണം ആരംഭിച്ച സര്‍മതിന് 35.5 മീറ്റര്‍ നീളമുണ്ട്.
എസ്.എസ് – 18 സാത്താൻ മിസൈലുകളുടെ പകരക്കാരനായാണ് സര്‍മതിനെ വിന്യസിക്കുക. കിൻഷല്‍, അവൻഗാര്‍ഡ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കൊപ്പം രാജ്യത്തിന്റെ ആയുധശേഖരത്തിലെ അടുത്ത തലമുറ ആയുധങ്ങളുടെ കൂട്ടത്തിലാണ് സര്‍മതിനെ റഷ്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button