IndiaLatest

ഫ്രാന്‍സില്‍ മലപ്പുറത്തുകാരിയുടെ അശ്വമേധം

“Manju”

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ കുതിച്ചോടിയ കുതിരപ്പുറത്തുനിന്ന് ഉയര്‍ന്ന ഇന്ത്യന്‍പതാകയ്ക്കു താഴെ ആഹ്ലാദച്ചിരിയുടെ കടിഞ്ഞാണ്‍ പിടിച്ചത് മലപ്പുറം തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശി നിദ അന്‍ജും ചേലാട്ട്. ശനിയാഴ്ച വൈകീട്ട് ഫ്രാന്‍സില്‍ നടന്ന ദീര്‍ഘദൂര കുതിരയോട്ടമത്സരമായ എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ വെല്ലുവിളി നിറഞ്ഞ നാലുഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് നിദ രാജ്യത്തിന്റെ അഭിമാനമായത്. 120 കിലോമീറ്റര്‍ ദൂരം പിന്നിട്ടതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയായി നിദ ചരിത്രംകുറിച്ചു.

‘രാജ്യത്തിനുവേണ്ടി കൂടുതല്‍ നേട്ടങ്ങള്‍ക്കായി ശ്രമിക്കും” -ഫ്രാന്‍സിലെ മത്സരവേദിയില്‍നിന്ന് നിദ പറഞ്ഞു. യുവ കുതിരസവാരിക്കാര്‍ക്കായി നടന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിദ പങ്കെടുത്തത്.

7.29 മണിക്കൂര്‍കൊണ്ട് 120 കിലോമീറ്റര്‍ ദൂരം ഈ ഇരുപത്തിയൊന്നുകാരി ഫിനിഷ് ചെയ്തു. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരപാത കുതിരയ്ക്ക് പരിക്കൊന്നുമേല്‍ക്കാതെ റൈഡര്‍ മറികടക്കണമെന്നാണ് നിബന്ധന. നാലുഘട്ടങ്ങളാണ് മത്സരത്തില്‍. ഓരോ ഘട്ടത്തിനുശേഷവും മൃഗപരിപാലനവിദഗ്ധര്‍ കുതിരകളുടെ ആരോഗ്യ-കായിക ക്ഷമത പരിശോധിക്കും. കുതിരയുടെ ആരോഗ്യത്തിന് ക്ഷതമുണ്ടെങ്കില്‍ റൈഡര്‍ പുറത്താകും.

25 രാജ്യങ്ങളില്‍നിന്നുള്ള 70 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിനൊപ്പമാണ് നിദ ഫ്രാന്‍സിലെ കളത്തിലിറങ്ങിയത്. മത്സരത്തില്‍ 33 കുതിരകള്‍ പുറത്തായി. നിദയും എപ്‌സിലോണ്‍ സലോ എന്നുപേരിട്ട കുതിരയും ആദ്യഘട്ടത്തില്‍ 23-ാമതായും രണ്ടില്‍ 26-ാമതായും മൂന്നില്‍ 24-ാമതായും നാലില്‍ 21-ാമതായും ഫിനിഷ് ചെയ്തു. മണിക്കൂറില്‍ 16.7 കി.മീ. വേഗമാണ് നിദ നിലനിര്‍ത്തിയത്.

Related Articles

Back to top button