IndiaLatest

ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന 18 മുതൽ

“Manju”

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാർക്കും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാർക്കുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന സംബന്ധിച്ച ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 9ന് തൃശ്ശൂർ പീച്ചിയിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് വർക്ക്ഷോപ്പ്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, ലക്ഷദ്വീപ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ലക്ഷദ്വീപ് ഇവിഎം നോഡൽ ഓഫീസർ തുടങ്ങിയവരും വർക്ക്ഷോപ്പിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ മുഴുവൻ നടപടികളും നിരീക്ഷിക്കും.

പൊതു തെരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വി വി പാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന നടത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക ഘട്ട പരിശോധന ഈ മാസം 18-ആം തീയതി മുതലാണ് സംസ്ഥാനത്ത് ആരംഭിക്കുക. ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന പതിവ് നടപടിക്രമമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി.

വോട്ടിംഗ് മെഷീനുകളുടെ നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാരുടെ നേതൃത്വത്തിൽ അം​ഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എല്ലാ ജില്ലാ ഇ.വി.എം. വെയർഹൗസുകളിലുമായി പരിശോധന നടക്കുക. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും ഇവിഎം വിവി പാറ്റ് മെഷിനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് നടന്നു വരികയാണ്.

ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പ്രാഥമിക ഘട്ട പരിശോധന നടത്തുന്നത് മെഷിനുകൾ പൂർണ്ണ സജ്ജമെന്നും, സുതാര്യത ഉറപ്പാക്കുന്നതിനുമാണ്.

പ്രാഥമിക ഘട്ട പരിശോധനയുടെ സമയക്രമം
*ഉപതെരഞ്ഞെടുപ്പ് ഒഴിവ് ഉണ്ടായാൽ ഒരു മാസത്തിനുള്ളിൽ
* സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് – 120 ദിവസത്തിനുള്ളിൽ,
അല്ലെങ്കിൽ കമ്മീഷൻ നിർദ്ദേശം അനുസരിച്ച്
* ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് – 180 ദിവസത്തിനുള്ളിൽ,
അല്ലെങ്കിൽ കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം

ജില്ലാ കളക്ടർ (ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ) ആണ് എഫ്എൽസിക്ക് നേതൃത്വം നൽകുക. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രാഥമിക ഘട്ട പരിശോധനക്ക് മേൽനോട്ടം വഹിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ എന്ന നിലയിൽ കളക്ടർമാർ വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക ഘട്ട പരിശോധനയുടെ പ്രക്രിയ മനസിലാക്കാനും അതിൽ മേൽനോട്ടം വഹിക്കുവാൻ പ്രാപ്തരാക്കുവാനുമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.

Related Articles

Back to top button