IndiaLatest

ജി20 ഉച്ചകോടി; സഹകരണം ശക്തമാക്കാൻ ഇന്ത്യയും ബംഗ്ലാദേശും

“Manju”

ന്യൂഡല്‍ഹി: ജി20 ഉച്ചകോടി രാജ്യ തലസ്ഥാനത്ത് ഇന്ന് ആരംഭിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലോക നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് ബംഗ്ലാദേശിനെ അതിഥി രാജ്യമായി ഭാരതം ക്ഷണിച്ചിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാജ്യ സുരക്ഷ, അതിര്‍ത്തി സംരക്ഷണം, സാമ്പത്തിക സഹകരണം, വ്യാപാരം, ജലസ്രോതസ്സുകളുടെ പങ്കുവെക്കല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാന വിഷയമായി.

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മൂന്ന് ധാരണാപത്രങ്ങളും (എം.ഒ.യു) പ്രധാനമന്ത്രി മോദിയും ഷെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കൈമാറി. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ഐസിഎആര്‍) ബംഗ്ലാദേശ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്‌ കൗണ്‍സിലും തമ്മിലുള്ള ധാരണാപത്രമാണ് ഇതില്‍ സുപ്രധാനം. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ബംഗ്ലാദേശ് ബാങ്കും തമ്മിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലെ സഹകരണം, 2023-2025 വര്‍ഷത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് എന്നിവ സംബന്ധിച്ച കരാറും ഇതില്‍പ്പെടുന്നു.

ചാറ്റോഗ്രാം, മോംഗ്ല തുറമുഖ കരാറിന്റെ പ്രവര്‍ത്തന പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യൻ രൂപവഴിയുള്ള ഉഭയകക്ഷി വ്യാപാരത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുന്നതും ചര്‍ച്ചയില്‍ പ്രധാന വിഷയമായി.

ഭാരതം -ബംഗ്ലാദേശ് ബന്ധം സുവര്‍ണ്ണ കാലഘട്ടത്തിലാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുള്‍ മോമെൻ കൂടിക്കാഴ്ചയ്‌ക്ക് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ജി20 ഉച്ചകോടിയിലേയ്‌ക്ക് ക്ഷണം ലഭിച്ചതിന് അദ്ദേഹം ഭാരതത്തോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. ജി20 വേദിയില്‍ ദക്ഷിണേഷ്യൻ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. കാലാവസ്ഥാ വ്യതിയാനം ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും ഭാരതം അതിന്റെ ഗൗരവം ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button