KeralaLatest

നിപ ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു

“Manju”

നിപ ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. വടകര കടമേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ചടങ്ങ് നടന്നത്. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ പ്രവർത്തകരാണ് നിപ പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കിയത്. രാത്രി 12.30 ഓടെ സംസ്ക്കാരം നടന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

· വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.
·
വൈറസ് ബാധിച്ച ആളുകള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.

നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.
·
രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.

നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
·
എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

· രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും, അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികള്‍ ഇല്ലാതെയാകുന്നു എങ്കില്‍ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനില്‍ക്കുന്ന ജാഗ്രത ആവശ്യമാണ്.
·
അതേസമയം കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വേഗം മറികടക്കാം.

Related Articles

Back to top button