IndiaLatest

പ്രത്യേക സമ്മേളനത്തില്‍ പാര്‍ലമെന്റ് ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫോം

“Manju”

ന്യൂഡല്‍ഹി: ഈമാസം 18-ന് ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്സഭാ ജീവനക്കാരെത്തുക പുതിയ വേഷത്തില്‍. പഴയ സഫാരി സ്യൂട്ടിനുപകരം ചൈനീസ് കോളറോടുകൂടിയ ഷര്‍ട്ടും ഓവര്‍ക്കോട്ടും ചേര്‍ന്ന യൂണിഫോം തയ്യാറായിട്ടുണ്ട്.

ക്രീംനിറത്തിലെ തുണിയില്‍ പിങ്ക് നിറത്തില്‍ ചെറുതാമരപ്പൂക്കളുടെ പ്രിന്റുള്ള ചൈനീസ് കോളര്‍ ഷര്‍ട്ടാണ് ഹൗസ് ഓഫീസര്‍മാര്‍ക്ക് വരുന്നത്. ഇതിനുപുറത്ത് പിങ്ക് നിറത്തിലുള്ള മുറിക്കൈയൻ ഓവര്‍ക്കോട്ട്. കാക്കി പാന്റുമുണ്ടാകും. യൂണിഫോമിലും ബി.ജെ.പി. ചിഹ്നമായ താമര ഉള്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനമുയര്‍ത്തി.

പാര്‍ലമെന്റിനകത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക യൂണിഫോമുണ്ടാകും. നിലവില്‍ ഇവര്‍ക്ക് നീലനിറത്തിലെ സഫാരി സ്യൂട്ടാണുള്ളത്. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്പനചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വനിതാജീവനക്കാര്‍ക്ക് പ്രത്യേകം രൂപകല്പനചെയ്ത സാരിയുണ്ടാകുമെന്നുമറിയുന്നു. ക്രീം നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമാകും മാര്‍ഷല്‍മാരുടെ വേഷം.

പാര്‍ലമെന്റില്‍ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പൊതുവില്‍ സഫാരിസ്യൂട്ടായിരുന്നു മുമ്പുണ്ടായിരുന്ന വേഷം. പുതിയ മന്ദിരത്തില്‍ അതിന് മാറ്റംവരും. എന്നാല്‍, പാര്‍ലമെന്റ് മന്ദിരത്തിനുപുറത്തെ സി.ആര്‍.പി.എഫിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സേനാ യൂണിഫോം തന്നെയാകും.

മേയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനംചെയ്തപ്പോള്‍ത്തന്നെ ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റംവന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു. പക്ഷേ, വര്‍ഷകാലസമ്മേളനം പഴയ മന്ദിരത്തില്‍ത്തന്നെയായതോടെ ജീവനക്കാര്‍ പഴയ യൂണിഫോമില്‍ തുടര്‍ന്നു. ഇപ്പോള്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആദ്യദിവസം കഴിഞ്ഞാല്‍ വിനായകചതുര്‍ഥിമുതല്‍ പുതിയ മന്ദിരത്തിലാകും ചേരുന്നത്. അതിന്റെ ഭാഗമായി ജീവനക്കാരുടെ യൂണിഫോം പരിഷ്കാരവും നടപ്പാക്കുകയാണെന്നാണ് വിവരം.

Related Articles

Back to top button