KeralaLatest

നിപ: നെഗറ്റീവായാലും 21 ദിവസം ഐസൊലേഷന്‍

“Manju”

കോഴിക്കോട്: നിപ ബാധിച്ച് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ടെന്നും സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം ഇനിയും വർധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകനല്ല. രോഗിക്ക് ഒപ്പം ആശുപത്രിയിൽ എത്തിയ ആൾക്കാണ്. അദ്ദേഹം ആശുപത്രിയിൽ എത്തിയ അതേ സമയത്ത് ഓഗസ്റ്റ് 30ന് മരിച്ച വ്യക്തിയും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

നിപ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നും പരിശോധന കോഴിക്കോട് തന്നെ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്പർക്ക പട്ടിക തയ്യാറാക്കാൻ മൊബൈൽ ലൊക്കേഷൻ ഉൾപ്പെടെ ഉപയോഗിക്കും. കേരളാ എപിഡമിക് ആക്ട് 2021 പ്രകാരം നിപ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തും. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാലും 21 ദിവസം ഐസൊലേഷൻ നിർബന്ധമാണ്. അതിന് ശേഷം വീണ്ടും പരിശോധന നടത്തും. ആദ്യം മരിച്ച രോഗി ചികിത്സ തേടിയ ആശുപത്രിയിൽ അതേ സമയത്ത് പോയവർ നിർബന്ധമായും കോൾ സെന്ററിൽ ബന്ധപ്പെടണം. വവ്വാലുകളെ ഓടിക്കാൻ ശ്രമിക്കുന്നത് അപകടം വരുത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ജാനകിക്കാട്ടിൽ കാട്ടുപന്നി ചത്തൊടുങ്ങിയ സംഭവത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും അരുൺ സക്കറിയക്ക് ഇതിന്റെ ചുമതല നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ നടപടി ഉണ്ടാകുമെന്നും കൊയിലാണ്ടിയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തുവെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Back to top button