InternationalLatest

ജാഹ്നവിയുടെ മരണത്തില്‍ യു.എസ്. പോലീസിന്റെ പൊട്ടിച്ചിരി

മരണാനന്തര ആദരവായി ബിരുദം

“Manju”

ന്യൂയോര്‍ക്ക്: സിയാറ്റിലില്‍, പൊലീസ് പട്രോള്‍ വാഹനം ഇടിച്ച്‌ ഇന്ത്യൻ വിദ്യാര്‍ത്ഥിനി മരിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥൻ പൊട്ടിച്ചിരിക്കുന്ന വീഡിയോ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല.
ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി ചാൻസലര്‍ അറിയിച്ചു.’ഞങ്ങളുടെ ഇന്ത്യൻ വിദ്യാര്‍ത്ഥി സമൂഹത്തെ ഈ ദുരന്തവും അതിന് ശേഷമുള്ള സംഭവങ്ങളും ബാധിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ നിങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ നീതി പുലരുമെന്ന് പ്രതീക്ഷിക്കുന്നു’- നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി ചാൻസലര്‍ പറഞ്ഞു.
ജാഹ്നവിയുടെ മരണത്തില്‍ പൊട്ടിച്ചിരിക്കുന്ന യുഎസ് പൊലീസിന്റെ ദൃശ്യം ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ പിടിച്ചുലച്ച സാഹചര്യത്തില്‍ മാനസികാഘാതം അതിജീവിക്കാൻ സഹായിക്കാനായി സര്‍വകലാശാല ഹെല്‍പ്പ് ലൈൻ നമ്ബര്‍ തുടങ്ങി. സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി കാമ്ബസില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് പഠിക്കുകയായിരുന്നു ജാഹ്നവി കണ്ടുല. ആന്ധ്ര സ്വദേശിനിയാണ്. 2021ല്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് യുഎസിലെത്തിയാണ് ജാഹ്നവി. ഈ ഡിസംബറില്‍ കോഴ്‌സ് കഴിയാനിരിക്കെയാണ് പൊലീസ് കാറിടിച്ച്‌ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവന്നതോടെ, സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ജാഹ്നവി കണ്ടുല എന്ന വിദ്യാര്‍ത്ഥിനിയുടെ മരണം പൊലീസ് കൈകാര്യം ചെയ്ത രീതി ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് പ്രതികരിച്ചിരുന്നു. അമിത വേഗത്തിലെത്തിയ പൊലീസ് പട്രോള്‍ വാഹനം ഇടിച്ച്‌ ജനുവരി 23 നായിരുന്നു ജാഹ്നവിയുടെ മരണം.
സംഭവം ഇങ്ങനെ
യുവതി കൊലപ്പെട്ട സംഭവത്തില്‍ തമാശ പറഞ്ഞ് ചിരിക്കുന്ന യുഎസ് പൊലീസ് ഉദ്യോഗസ്ഥന്റെ വിവാദവീഡിയോ പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി. സിയാറ്റിലില്‍ ജനുവരിയിലാണ് സംഭവം നടന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് വിവാദ വീഡിയോ പുറത്തിറങ്ങിയത്. നോര്‍ത്തീസ്റ്റേണ്‍ സര്‍വകലാശാലയുടെ സിയാറ്റില്‍ ക്യാമ്ബസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു 23 കാരിയായ ജാഹ്നവി കണ്ടുല. ജനുവരി 23 ന് കെവിൻ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച പട്രോളിങ് വാഹനം ഇടിച്ചാണ് യുവതി കൊല്ലപ്പെട്ടത്. കെവിൻ ഡേവിന്റെ സഹപ്രവര്‍ത്തകനായ ഡാനിയല്‍ ഓഡറര്‍ ആണ് വിവാദപുരുഷൻ. ഇയാളുടെ ബോഡി ക്യാമറയിലാണ് വിവാദ സംഭാഷണം പതിഞ്ഞത്. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റായ ഡാനിയല്‍ ഗില്‍ഡിന്റെ പ്രസിഡന്റുമായി സംസാരിക്കുന്നതാണ് വീഡിയോ ക്ലിപ്പില്‍ കാണുന്നത്. ‘ അവള്‍ ചത്തു’ എന്നു പറഞ്ഞിട്ട് ഇയാള്‍ പരിഹസിച്ച്‌ ചിരിക്കുകയാണ്. അവള്‍ ഒരു സാധാരണക്കാരിയാണ് എന്നുപറഞ്ഞ് വീണ്ടും ചിരി. ‘ അതെ, നിങ്ങള്‍ 11,000 ഡോളറിന്റെ ഒരു ചെക്ക് എഴുതു’ എന്നും പറയുന്നത് കേള്‍ക്കാം. അവള്‍ക്ക് 26 വയസായിരുന്നു. വലിയ മൂല്യമൊന്നുമില്ലാത്ത ഒരുത്തി എന്നും ചെറുതാക്കി പറയുന്നതാണ് വീഡിയോയുടെ അവസാനം കേള്‍ക്കുന്നത്.
ഹൃദയഭേദകവും ഞെട്ടിപ്പിക്കുന്നതും എന്നാണ് സിയാറ്റില്‍ കമ്യൂണിറ്റി പൊലീസ് കമ്മീഷൻ സംഭാഷണത്തെ വിശേഷിപ്പിച്ചത്. സിയാറ്റിലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയ ഒരു പൊലീസ് വകുപ്പില്‍ നിന്നും ഇതല്ല അവര്‍ അര്‍ഹിക്കുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച്‌ പൊലീസ് അക്കൗണ്ടബിലിറ്റി ഓഫീസ് അന്വേഷണം നടത്തുകയാണ്.
ജാഹ്നവി കണ്ടുല ആന്ധ്രയിലെ കുര്‍ണൂല്‍ സ്വദേശിയാണ്. സൗത്ത് ലേക്ക് യൂണിയനില്‍, സിയാറ്റില്‍ പൊലീസ് പട്രോള്‍ വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്. റോഡിന് കുറുകെ കടക്കുമ്ബോഴാണ് യുവതിയെ വളരെ വേഗത്തില്‍ വന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. 50 മൈല്‍ വേഗത്തില്‍ എന്നാണ് ഡാനിയല്‍ ഓഡറര്‍ തന്റെ സഹപ്രവര്‍ത്തകൻ ഓടിച്ച വാഹനത്തെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പിന്നീട് 74 മൈല്‍ വേഗത്തിലായിരുന്നു വാഹനമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഈ വര്‍ഷം ഡിസംബറില്‍ ഇൻഫൊര്‍മേഷൻ സിസ്റ്റംസില്‍ ബിരുദാനന്തര ബിരുദം സ്വീകരിക്കാനിരിക്കെയാണ് ജാഹ്നവി കണ്ടുലയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.

Related Articles

Back to top button