IndiaLatest

ഇന്തോ പസഫിക് ആര്‍മി ചീഫ് കോണ്‍ഫറന്‍സിന് വേദിയാകാനൊരുങ്ങി ഇന്ത്യ

“Manju”

ഡല്‍ഹി: മുപ്പത് രാജ്യങ്ങളുടെ കരസേന അദ്ധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്ന ഇന്തോ പസഫിക് ആര്‍മി ചീഫ് കോണ്‍ഫറന്‍സിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം 26 മുതല്‍ തുടങ്ങുന്ന പരിപാടിയില്‍ കാനഡയും പങ്കാളിയാകും. ഇന്‍ഡോ പസഫിക് മേഖലയിലെ പ്രതിസന്ധികള്‍ ലഘുകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ എം.വി സുരേന്ദ്രകുമാര്‍ പറഞ്ഞു.

പതിമൂന്നാമത് കരസേന മേധാവിമാരുടെ യോഗത്തിനാണ് ഇന്ത്യ അതിഥേയത്യം വഹിക്കുന്നത്. അമേരിക്കന്‍ കരസേനയുമായി ചേര്‍ന്നാണ് യോഗത്തിന് ഇന്ത്യ വേദിയാകുന്നത്. മുപ്പത് രാജ്യങ്ങള്‍ അടങ്ങുന്ന ഇന്തോ പസഫിക് രാജ്യങ്ങളുടെ കൂട്ടായ്മ മേഖലയില്‍ സമുദ്ര രംഗത്തെ വെല്ലുവിളികളും ചര്‍ച്ചയാകും. യുഎസ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജെയിംസ് സി മക്കണ്‍വില്ലും യോഗത്തിന് എത്തും. ചൈന മേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി, സേനകളുടെ ആധുനികവത്കരണം എന്നിവയും ചര്‍ച്ചയാകും.

നയതന്ത്രതലത്തില്‍ ഇന്ത്യ കാനഡ തര്‍ക്കം രൂക്ഷമാകുന്നെങ്കിലും സേന തലവന്മാരുടെ യോഗത്തിനെ ഇത് ബാധിക്കില്ല. കാനഡേയിന്‍ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ മേജര്‍ ജനറല്‍ പീറ്റര്‍ സ്‌കോട്ടും യോഗത്തിനായി ഇന്ത്യയില്‍ എത്തും. പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളുടെ സേനാ ചരിത്രത്തെക്കുറിച്ചുള്ള പ്രദര്‍ശനവും നടക്കും.

അതേസമയം ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജസ്റ്റിന്‍ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.

Related Articles

Back to top button