IndiaKeralaLatest

ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പുറത്തിറക്കി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്ബനിയായ ഐഒസി പുറത്തിറക്കി. സാധാരണ നിലയില്‍ വാഹനങ്ങളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈസ് അടക്കം പുകയാണ് പുറന്തള്ളുന്നത്. എന്നാല്‍ പ്രകൃതിക്ക് യാതൊരുവിധ ദോഷം ഉണ്ടാക്കാത്ത വിധം വെള്ളം പുറന്തള്ളുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ബസ് ആണ് ഐഒസി അവതരിപ്പിച്ചത്. ഫോസില്‍ ഇന്ധനത്തിന് ബദല്‍ എന്ന നിലയിലാണ് പുതിയ പദ്ധതി ഐഒസി കൊണ്ടുവന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ന്യൂഡല്‍ഹിയില്‍ രണ്ട് ഗ്രീന്‍ ഹൈഡ്രജന്‍ ബസുകള്‍ ഓടിക്കാനാണ് ഐഒസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുനരുപയോഗിക്കാന്‍ കഴിയുന്ന സ്രോതസ്സുകള്‍ ഉപയോഗിച്ച്‌ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വഴി ജലത്തെ വിഘടിപ്പിച്ച്‌ 75 കിലോഗ്രാം ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് പ്രാഥമികമായി ഉദ്ദേശിക്കുന്നത്. ഫോസില്‍ ഇന്ധനത്തില്‍ നിന്ന് പുതിയ തലത്തിലേക്ക് ഇന്ധനരംഗത്തെ മാറ്റുന്നതിന് ഹൈഡ്രജന്‍ സഹായകമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രത്യാശ പ്രകടിപ്പിച്ചു. ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഒസിയുടെ ആര്‍ ആന്റ് ഡി സെന്ററാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 30 കിലോഗ്രാം ശേഷിയുള്ള നാലു സിലിണ്ടറുകള്‍ ഉപയോഗിച്ച്‌ ബസുകള്‍ 350 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കും. പന്ത്രണ്ട് മിനിറ്റിനകം ടാങ്കുകള്‍ നിറയ്ക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ കത്തുമ്ബോള്‍ ഉപോല്‍പ്പന്നം എന്ന നിലയില്‍ നീരാവി മാത്രമാണ് പുറത്തേയ്ക്ക് വരിക.
ഒരു കിലോ ഗ്രീന്‍ ഹ്രൈഡജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ 50 യൂണിറ്റ് പുനരുപയോഗിക്കാന്‍ കഴിയുന്ന വൈദ്യുതിയും
വെള്ളത്തില്‍ നിന്ന് അയോണുകള്‍ അല്ലെങ്കില്‍ അയോണിക് ഘടകങ്ങള്‍ നീക്കം ചെയ്ത് ലഭിക്കുന്ന 9 കിലോഗ്രാം ഡീയോണൈസ്ഡ് വെള്ളവുമാണ് ഇതിന് ആവശ്യമായി വരിക. 2023 അവസാനത്തോടെ ബസുകളുടെ എണ്ണം ഐഒസി 15 ആക്കി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 2030 ഓടേ വര്‍ഷം പത്തുലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് പൊതുമേഖല എണ്ണ വിതരണ കമ്ബനികള്‍ ലക്ഷ്യമിടുന്നത്.

Related Articles

Back to top button