KeralaLatestThiruvananthapuram

പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും മാഹാത്മ്യമുള്‍ക്കൊണ്ട് വിശ്വാസത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കണം – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : പ്രാർത്ഥനയുടെയും ആരാധനയുടെയും മാഹാത്മ്യത്തെക്കുറിച്ചറിഞ്ഞ് അതുള്‍ക്കൊണ്ട് വിശ്വാസത്തിൽ അടിയുറച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. കണ്ണമ്മൂല ചട്ടമ്പി സ്വാമി ജന്മസ്ഥാനം ഹാളിൽ വച്ച് നടന്ന ശാന്തിഗിരി തിരുവനന്തപുരം സിറ്റി ഏരിയയുടെ കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജനനം മുതലുള്ള ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ നേർച്ചിത്രം സ്വാമി സംക്ഷിപ്തമായി അവതരിപ്പിച്ചു.


ഗുരുവിന്റെ ബാല്യകാലത്തെക്കുറിച്ചും വിവിധ ആശ്രമങ്ങൾ തേടിയുള്ള യാത്രകളെക്കുറിച്ചും ഗുരു ആത്മഗുരുവിനെ കണ്ടെത്തുന്നതും പിന്നീട് ശാന്തിഗിരി ആശ്രമം സ്ഥാപിച്ചതുമടക്കം ഗുരുവിന്റെ 72 സംവത്സരങ്ങളിലെ ജീവചരിത്രം വളരെ ലളിതമായി കുടുംബസംഗമത്തിൽ പങ്കെടുത്തവർക്ക് സ്വാമി പകർന്നു നൽകി. ശാന്തിഗിരി പരമ്പരയെ നയിക്കുവാൻ എക്കാലത്തും ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്ന് കാണുന്ന ആശ്രമത്തിന്റെ വളർച്ചയെക്കുറിച്ചും സ്വാമി സംസാരിച്ചു.
ചട്ടമ്പിസ്വാമി ജന്മസ്ഥാന മന്ദിരത്തോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന ശ്രീവിദ്യാധിരാജാ ഇന്റർനാഷണൽ സ്റ്റഡി ആന്റ് റിസർച്ച് സെന്ററിന്റെ ലൈബ്രറിയിലെക്കായി സിറ്റി ഏരിയയിലെ ഹൃഷികേശ് തമ്പാൻ നൽകിയ ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന വിശ്വവിഖ്യാത ഗ്രന്ഥത്തിന്റെ 12 വാല്യം സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചട്ടമ്പി സ്വാമി സ്റ്റഡി സെന്റര്‍ കൺവീനറും എൻ.എസ്.എസ്. തിരുവനന്തപുരം താലൂക്ക് യൂണിയൻ ഭരണസമിതിയംഗവുമായ കെ.ആർ.വിജയകുമാറിന് കൈമാറി. ചട്ടമ്പിസ്വാമി സ്മാരക എൻ.എസ്.എസ്. കരയോഗം സെക്രട്ടറി കെ.മോഹനകുമാരൻ നായർ, വൈസ് പ്രസിഡന്റ്‌ വിജയകുമാരൻ നായർ, ജന്മസ്ഥാന ക്ഷേത്രം മാനേജർ ബി.അജിത് കുമാർ എന്നിവർ ചേർന്നു പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് സംസാരിച്ച കെ.ആർ.വിജയകുമാർ ശാന്തിഗിരി ആശ്രമം പ്രസിഡന്റ്‌ സ്വാമി ചൈതന്യ ജ്ഞാനതപസ്വിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ശാന്തിഗിരി ആശ്രമം സിറ്റി ഏരിയ നല്‍കിയ പുസ്തകസമർപ്പണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ആശ്രമത്തിന് എൻ.എസ്.എസ് കരയോഗത്തിന്റെയും ശ്രീവിദ്യാധിരാജാ ഇന്റർനാഷണൽ സ്റ്റഡി ആന്റ് റിസർച്ച് സെന്ററിന്റെയും എല്ലാ സഹകരണവും തുടർന്നും ഉണ്ടാകുമെന്നും പറഞ്ഞു.

ആശ്രമം തിരുവനന്തപുരം സിറ്റി ഏരിയയിലെ പഠനരംഗത്തും കായിക രംഗത്തും മികവ് പുലർത്തിയ വിദ്യാർത്ഥികളെ സ്വാമി മെമെന്റോ നൽകി ആദരിച്ചു. പഠന രംഗത്തെ മികവിന് ബി.അമൃത, ഗുരുസ്നേഹ, ഡോ.എം.ഭാഗ്യലക്ഷ്മി, അഡ്വ.ദിവ്യ.ജെ.നായർ, എച്ച്. ജനസ്തുതി, ആർ. എസ്.ഗുരുപ്രിയൻ, എസ്.സംഗീത, ബി.എസ്.സിദ്ധാർഥ്, എസ്.ജെ.ഗുരുലക്ഷ്മി, എസ്.ജനപ്രിയൻ എന്നിവരെയും കായികരംഗത്തെ മികവിന് എസ്.എം.സൽപ്രിയനെയുമാണ് ആദരിച്ചത്.

രാവിലെ പ്രാർത്ഥനാ സങ്കൽപ്പങ്ങളോടെ ആരംഭിച്ച കുടുംബയോഗത്തിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം സിറ്റി ഏരിയ അസിസ്റ്റന്റ് ജനറൽ കൺവീനർ വി.മുരുകൻ അധ്യക്ഷത വഹിച്ചു. കൺവീനർ ശിവൻ.ജി.നായർ സ്വാഗതം ആശംസിച്ചു. എസ്.സംഗീത, എസ്.ജെ.ഗുരുലക്ഷ്മി, ഋഷിപ്രിയ എന്നിവർ ഗുരുവന്ദനം ആലപിച്ചു, എച്ച്.ജനസ്തുതി ഗുരുവാണി വായിച്ചു. ശാന്തിഗിരി മാതൃമണ്ഡലം, തിരുവനന്തപുരം സിറ്റി ഏരിയ അസിസ്റ്റന്റ് ജനറൽ കൺവീനർ കെ.ബി.സൂര്യകുമാരി കുടുംബസംഗമത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button