InternationalLatest

ചന്ദ്രനില്‍ വീട് നിര്‍മ്മിക്കുന്ന കാലം വിദൂരമല്ല

“Manju”
ചന്ദ്രനില്‍ വീട് നിര്‍മ്മിക്കുന്ന കാലം വിദൂരമല്ല

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആയിരുന്നു ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ ഇറക്കിയത്. അരനൂറ്റാണ്ടിന് മുൻപായിരുന്നു ഈ മഹാസംഭവം.
വര്‍ഷങ്ങള്‍ക്കിപ്പുറം, സാധാരണക്കാരനും ബഹിരാകാശ യാത്രികര്‍ക്കും ഉപയോഗപ്രദമാകും വിധം ചന്ദ്രനില്‍ വീട് നിര്‍മ്മിക്കാനൊരുങ്ങുകയാണ് നാസ ശാസ്ത്രജ്ഞര്‍. 2040-ഓടെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് വിവരം. 3D റോബോട്ടിക്‌സ് പോലെയുള്ള നൂതന സംവിധാനങ്ങളും മറ്റും ഉപയോഗിക്കുന്ന നിര്‍മ്മാണ കമ്ബനിയായ ഐക്കണിന്റെ സഹായത്തോടെയാണ് നാസ ചന്ദ്രനിലെ വീട് പദ്ധതിയിടുന്നത്.
സര്‍വകലാശാലകളെയും സ്വകാര്യ കമ്ബനികളെയും പങ്കാളിയാക്കും. 3ഡി മാതൃകയില്‍ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്ന ഐക്കണ്‍ കമ്ബനി പദ്ധതിയുടെ നട്ടെല്ലാകും. ചന്ദ്രോപരിതലത്തില്‍ കാണുന്ന പാറ കഷ്ണങ്ങള്‍, ധാതു ലവണങ്ങള്‍, പൊടി എന്നിവ ഉപയോഗിച്ച്‌ 3-ഡി പ്രിന്റര്‍ മുഖേന കെട്ടിടത്തിന്റെ ഘടനകള്‍ പാളികളായി നിര്‍മ്മിക്കാനാണ് പദ്ധതി. ബഹിരാകാശത്തെ റേഡിയേഷൻ ഘടന മനസിലാക്കുന്നതിനും ഉപരിതലത്തിലെ പൊടിപടലങ്ങള്‍ കോണ്‍ക്രീറ്റിന് സമാനമായ പദാര്‍ത്ഥം സൃഷ്ടിക്കുമോയെന്നും പഠനം നടത്തുന്നതിനായി ഫെബ്രുവരിയില്‍ ഐക്കണിന്റെ പ്രിന്റര്‍ നാസയുടെ മാര്‍ഷല്‍ സ്‌പേസ് സെന്ററില്‍ പരീക്ഷിക്കും. ചന്ദ്രോപരിതലത്തിലെ പൊടി വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് ശാസ്ത്രസമൂഹം പറയുന്നത്. ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയയ്‌ക്കുന്ന ആര്‍ട്ടെമിസ് 2 ദൗത്യം 2024-ല്‍ ഉണ്ടാകുമെന്നാണ് നാസ പറയുന്നത്. 2026-ഓടെ ആര്‍ട്ടെമിസ്-3 ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നും സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പിന്റെ സഹായത്തോടെ മനുഷ്യനെ തിരികെ കൊണ്ടുവരാനുമാണ് പദ്ധതിയിടുന്നത്.
1972 ഡിസംബര്‍ ഏഴിന് നാസ അയച്ച അപ്പോളോ 17 ആയിരുന്നു ചന്ദ്രനിലേക്കുള്ള അവസാനത്തെ മനുഷ്യദൗത്യം. സാറ്റേണ്‍ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബര്‍ ഏഴിനാണ് മൂന്ന് യാത്രികരെയും വഹിച്ച്‌ അപ്പോളോ വാഹനം കുതിച്ചുയര്‍ന്നത്. ഡിസംബര്‍ 11-ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന മേഖലയില്‍ ഇറങ്ങി. മൂന്ന് ദിവസവും മൂന്നുമണിക്കൂറുമാണ് രണ്ട് യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ച്‌ പരീക്ഷണങ്ങള്‍ നടത്തിയത്. അഗ്നിപര്‍വതങ്ങളെ കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയില്‍ കാലുകള്‍ 20-25 സെന്റിമീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചുവപ്പ് നിറത്തിലുള്ള പാറകള്‍ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു. സമീപ വര്‍ഷങ്ങളായി ആഗോള തലത്തില്‍ ചാന്ദ്ര പര്യവേക്ഷണത്തിന് വലിയ പരിഗണനയാണ് നല്‍കുന്നത്.

Related Articles

Back to top button