IndiaLatest

അമ്പെയ്ത് ഉറപ്പിച്ചത് മൂന്ന് മെഡലുകള്‍

“Manju”

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം അമ്പെയ്ത്തിലാണ് ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്ത വന്നത്. ചൊവ്വാഴ്ച നടന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം മൂന്ന് മെഡലുകളാണ് ഇന്ത്യ ഉറപ്പാക്കിയത്. പുരുഷന്‍മാരുടെ കോമ്പൗണ്ട് ഇനത്തില്‍ ഫൈനലിലെത്തിയ അഭിഷേക് വര്‍മയും ഓജസ് പ്രവീണും വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ഫൈനലില്‍ കടന്ന ജ്യോതി സുരേഖ വെന്നവുമാണ് ഇന്ത്യയ്ക്കായി മെഡലുറപ്പിച്ചത്.

അഭിഷേകും ഓജസും ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടുന്നതോടെ അമ്പെയ്ത്തില്‍ ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും ഉറപ്പിച്ചുകഴിഞ്ഞു. കൊറിയയുടെ ജഹൂന്‍ ജൂവിനെ 147-145 എന്ന സ്‌കോറിന് മറികടന്നാണ് അഭിഷേക് ഫൈനലുറപ്പിച്ചത്. കൊറിയയുടെ തന്നെ ജെവോണ്‍ യാങ്ങിനെ 150-146 എന്ന സ്‌കോറിന് കീഴടക്കിയാണ് ഓജസ് ഫൈനലിലെത്തിയത്.

സെമിയില്‍ ഇന്ത്യന്‍ താരം തന്നെയായ അതിഥി സ്വാമിയെ പരാജയപ്പെടുത്തിയായിരുന്നു ജ്യോതിയുടെ ഫൈനല്‍ പ്രവേശനം. ഇതോടെ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണത്തിനോ വെള്ളിക്കോ സാധ്യത തെളിഞ്ഞു. 149-146 എന്ന സ്‌കോറിനായിരുന്നു ജ്യോതിയുടെ ജയം. അതിഥി വെങ്കല മെഡലിനായി മത്സരിക്കുന്നുണ്ട്. ഇതോടെ ഒരു മെഡലിനു കൂടി സാധ്യത തെളിഞ്ഞു.

Related Articles

Back to top button